മദ്യവരുമാനം കൂട്ടാൻ ‘ഡ്രൈ ഡേ’ ഒഴിവാക്കുന്നു; ശുപാർശ നൽകി സെക്രട്ടറിതല സമിതി

Jaihind Webdesk
Thursday, May 23, 2024

 

തിരുവനന്തപുരം: മദ്യ വരുമാനം വർദ്ധിപ്പിക്കുവാൻ സംസ്ഥാനത്ത് ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കുവാൻ സർക്കാർ നീക്കം ശക്തമാക്കി. ‘ഡ്രൈ ഡേ’ മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയാണ് എക്സൈസ് വകുപ്പിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുമായി മന്ത്രി എം.ബി. രാജേഷ് ഇക്കാര്യത്തിൽ ചർച്ച നടത്തി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പുതിയ മദ്യനയ ഭാഗമായി ‘ഡ്രൈ ഡേ’ ഒഴിവാക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. വില കുറഞ്ഞ- വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന, മദ്യ ഉത്പാദനം പ്രോത്സാഹിപ്പിച്ച് കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ഇതുമായി ബന്ധപ്പെട്ട് ജൂൺ മാസത്തിൽ ബാർ- ഡിസ്‍ലറി ഉടമകളുമായി മന്ത്രി ചർച്ച നടത്തും.

നയപരമായ കാര്യമായതിനാൽ ഇടതുമുന്നണിയിലും ഇത് സംബന്ധിച്ച് ഉടൻ ചർച്ചകൾ ഉണ്ടാകും. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിനുശേഷം ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ വിവിധ തലങ്ങളിൽ നടക്കും. ടൂറിസം മേഖല കൂടി മറയാക്കിയാണ് ഡ്രൈ ഡേ ഒഴിവാക്കാനുള്ള നീക്കം സജീവമായിരിക്കുന്നത്. എല്ലാ മാസത്തിലെയും ഒന്നാം തിയ്യതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കുന്നതോടെ മദ്യ വില്പനയിൽ നിന്ന് അധിക വരുമാനം ഉണ്ടാക്കുവാൻ ആകുമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്.  സർക്കാരിന്‍റെ നയം മാറ്റം ശക്തമായ പ്രതിഷേധത്തിന് ഇടയാക്കും എന്ന് ഉറപ്പാണ്.