പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് എം പി. യുകെയും മാലിദ്വീപും സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്ന പ്രധാനമന്ത്രി തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സന്നിഹിതനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ പങ്കെടുക്കാറുള്ളൂ എന്നും സാധാരണയായി പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തുള്ള മാധ്യമങ്ങളിലൂടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളതെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന് സിന്ദൂര്‍, ട്രംപിന്റെ അവകാശവാദങ്ങള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഉണ്ടാകാറുള്ളൂ എന്നും നന്ദി പ്രമേയ ചര്‍ച്ചയില്‍ മാത്രമാണ് അദ്ദേഹം വര്‍ഷത്തിലൊരിക്കല്‍ സംസാരിക്കുന്നതെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി തന്റെ കടമകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും നിര്‍ണായക ചര്‍ച്ചകളില്‍ പാര്‍ലമെന്റില്‍ സന്നിഹിതനാകണമെന്നും, സുപ്രധാന വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമായി അറിയിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് മാണിക്കം ടാഗോര്‍ പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന് സിന്ദൂറും ചര്‍ച്ച ചെയ്യാന്‍ ലോക്സഭയില്‍
അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് രാജ്യസഭാ എംപി രണ്‍ദീപ് സുര്‍ജേവാല ഈ വിഷയങ്ങള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാന്‍ റൂള്‍ 267 പ്രകാരം സസ്പെന്ഷന് ഓഫ് ബിസിനസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ഇന്ന് ആരംഭിക്കും. ഓഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 18 വരെ ഇടവേളയോടെ ഓഗസ്റ്റ് 21 വരെ ഇത് തുടരും. 32 ദിവസങ്ങളിലായി ആകെ 21 സിറ്റിംഗുകളുണ്ടാകും.