മഹാരാജാസ് കോളേജിന്‍റെ സ്വയം ഭരണാധികാരം തിരിച്ചെടുക്കണം; ഹൈബി ഈഡൻ എം പി

Jaihind Webdesk
Wednesday, June 7, 2023

കൊച്ചി: വിദ്യാർഥികൾ എന്ന വ്യാജേന കൊടും ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്ന മഹാരാജാസ് കോളേജിന്‍റെ സ്വയം ഭരണാധികാരം തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എം പി. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പരീക്ഷ എഴുതാതെ വിജയിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ ജയിക്കുമ്പോൾ അദ്ദേഹത്തിന്‍റെ സുഹൃത്ത് മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നു. മഹാരാജാസ് കോളേജ് കേന്ദ്രീകരിച്ച് എസ് എഫ് ഐ നടത്തി വരുന്ന ഗൂഢപ്രവർത്തനങ്ങൾ ഒന്നിന് പുറകെ ഒന്നായി പുറത്ത് വരികയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.ഒട്ടനവധി മഹാരഥന്മാർ പഠിച്ചിറങ്ങിയ കലാലയമാണ് മഹാരാജാസ്. ഇന്നും വളരെ സാധാരണക്കാരും മികച്ചവരുമായ ഒട്ടനവധി വിദ്യാർഥികൾ അവിടെ പഠിക്കുന്നുണ്ട്.

സാധാരണ രാഷ്ട്രീയ സംഘട്ടനങ്ങളുടെ ഭാഗമായി മാത്രം കേസുകളുള്ള വ്യക്തിയല്ല എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ഒരു കൊടും ക്രിമിനലാണ്. അത് ആർഷോക്കെതിരെയുള്ള കേസുകൾ എടുത്ത് പരിശോധിച്ചാൽ മനസിലാക്കാവുന്നതേ ഉള്ളു. ഇത്തരത്തിലുള്ള ആളുകളെ സംരക്ഷിക്കുന്നതിന് മഹാരാജാസ് കോളേജ് അധികൃതർ കോളേജിന്റെ സ്വയം ഭരണാധികാരത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് ഹൈബി ഈഡൻ എം പി കുറ്റപ്പെടുത്തി.

ഇത് അനുവദിക്കുവാൻ കഴിയുന്ന കാര്യമല്ല. അത് കൊണ്ട് തന്നെ മഹാരാജാസ് കോളേജിന്‍റെ സ്വയം ഭരണാധികാരം എടുത്ത് കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.