ആത്മകഥ വിവാദം ; ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തി

Jaihind Webdesk
Friday, November 15, 2024


തിരുവനന്തപുരം : ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിശദീകരണം നല്‍കിയേക്കും. ഇന്ന് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നുണ്ട്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായിട്ടാണ് ഇപി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്ത് എത്തിയത്. അതേസമയം, വിവാദത്തോട് കൂടുതല്‍ പ്രതികരിക്കാതെ ഒഴിഞ്ഞ് മാറുകയാണ് ഇപി ജയരാന്‍.

ആത്മകഥ ഉള്ളടക്കം ഇപി ഇതിനകം പരസ്യമായി തള്ളിയിട്ടുണ്ടെങ്കിലും സിപിഎം നേതൃത്വം ഇക്കാര്യം മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിര്‍ണ്ണായക സമയത്ത് വിവാദം കത്തിപ്പടരാനിടയായ സാഹചര്യവും പാര്‍ട്ടി വിശദമായി പരിശോധിക്കും. ഇപിക്കെതിരായ നടപടിയോ ഇപിയെ തള്ളിപ്പറയുന്ന നിലപാടോ പാര്‍ട്ടി നേതൃത്വം തല്‍ക്കാലം സ്വീകരിക്കാനിടയില്ല.

ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബ്ബലമാണെന്നാണ് അടുത്ത വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍ വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ട്. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങള്‍ തന്റേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കുന്നു. എന്നാല്‍ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്‌സ് മാധ്യമങ്ങളില്‍ വന്ന ഉള്ളടക്കം നിഷേധിച്ചില്ല.