തെറ്റായ ദിശയിലൂടെ ഓട്ടോ, കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നു മരണം

Jaihind Webdesk
Thursday, June 20, 2024

 

മലപ്പുറം: മലപ്പുറം മേൽമുറിയിൽ ഓട്ടോ റിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മൂന്നു മരണം. ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുൽപറ്റ സ്വദേശികളാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പുല്‍പ്പറ്റ ഒളമതിൽ സ്വദേശിയായ അഷറഫ് ( 45) ഭാര്യ സാജിദ (37) മകൾ ഫിദ ( 15) എന്നിവരാണ് മരിച്ചത്.

മലപ്പുറത്തു നിന്നും സർവീസ് കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ്. മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ തെറ്റായ ട്രാക്കില്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മകള്‍ ഫിദയെ മലപ്പുറത്ത് പ്ലസ് വണ്ണിന് ചേർക്കാൻ പോകുക ആയിരിന്നു അഷ്റഫും സാജിതയും.

ഓട്ടോ തെറ്റായ ദിശയിലേക്ക് എത്തിയത് എങ്ങനെയാണെന്നത് വ്യക്തമല്ല. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഷറഫും മകൾ ഫിദയും അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആശുപത്രിയിൽ എത്തിയാണ് ഫാത്തിമയുടെ മരണം സ്ഥിരീകരിച്ചത്. മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.