കേരളീയം ആഘോഷത്തിനിടെ തലസ്ഥാന നഗരത്തില്‍ യാത്രക്കാരിക്ക് പീഡനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Jaihind Webdesk
Sunday, November 5, 2023


തലസ്ഥാനത്ത് ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്ന 35കാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഡ്രൈവര്‍ പീഡിപ്പിച്ചു. കേരളീയവും കൊട്ടിഘോഷിച്ച നൈറ്റ് ലൈഫും അരങ്ങേറുന്നതിനിടിയൊണ് സംഭവം. പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് തിരുവനന്തപുരം ഫോര്‍ട് പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനിരയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷമായിരുന്നു അറസ്റ്റ്. വെളളിയാഴ്ച രാത്രിയാണ് തലസ്ഥാനത്തെ നടുക്കിയ അക്രമം നടക്കുന്നത്. കിഴക്കേകോട്ട അട്ടക്കുളങ്ങരയില്‍ നിന്ന് മുട്ടത്തറയിലെ വീട്ടിലേക്ക് ജിജാസിന്റെ ഓട്ടോയിലാണ് യാത്ര ചെയ്തത്. എന്നാല്‍ മുട്ടത്തറയിലേക്ക് പോകുന്നതിനു പകരം ഓട്ടോ വഴിതിരിച്ച് കല്ലുമൂട് ഭാഗത്തേക്ക് പോകുകയായിരുന്നു. ചോദ്യം ചെയ്ത സ്ത്രീയെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പീഡിപ്പിക്കുകയായിരുന്നു. കുതറിമാറിയോടിയ സ്ത്രീ രക്ഷപ്പെട്ടു. ഇതിനിടയില്‍ ജിജാസ് ഓട്ടോ വേഗത്തില്‍ ഓടിച്ചുപോയി. പരിക്കേറ്റ സ്ത്രീ ജനറല്‍ ആശുപത്രിയിലെത്തി ചികിത്‌സ തേടി . പിന്നീട് പരാതിയുമായി ഫോര്‍ട്ട്് പൊലീസിനെ സമീപിച്ചു. പൊലീസും സത്രീയെ ആശുപത്രിയിലെത്തിച്ച് പരിശോധനാ വിവരങ്ങള്‍ രേഖപ്പെടുത്തി. ഇതിനുശേഷം മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തി. അക്രമത്തിനു ശേഷം ഒളിവില്‍ പോയ ജിജാസ് ഇന്നു രാവിലെ പിടിയിലാവുകയായിരുന്നു. പോക്‌സോയുള്‍പ്പെടെ ഇരുപതു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ജിജാസ്. പീഡനം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് പ്രകാരമുള്ള കേസാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ ഇന്നു തെളിവെടുപ്പിനും കൊണ്ടു പോയി. ഫോര്‍ട്ട് എ.സി ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്് തലസ്ഥാനത്തെത്തി പുഷ്പ കച്ചവടം നടത്തിവരുകയായിരുന്നു അക്രമത്തിനിരയായ സ്ത്രീ.