ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 146 റണ്‍സിന്റെ ദയനീയ തോല്‍വി. അവസാന ദിനം 28 റണ്‍സ് എടുക്കുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പമായി. അഡ്‌ലെയിഡില്‍ ഇന്ത്യ വിജയിച്ചിരുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരേ 287 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യ നാലാം ദിനം അവസാനിച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലായിരുന്നു. അവസാന ദിനം 28 റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 30 റണ്‍സെടുത്ത ഋഷഭ് പന്തിനെയും നഷ്ടമായി. പിന്നീട് വാലറ്റക്കാര്‍ വന്നതും പോയതും അറിഞ്ഞില്ല.

മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവര്‍ മൂന്നു വിക്കറ്റും ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ 243ന് പുറത്താക്കാന്‍ ഇന്ത്യയെ സഹായിച്ചത് മുഹമ്മദ് ഷാമിയുടെ ആറ് വിക്കറ്റ് പ്രകടനം. 56 റണ്‍സ് വഴങ്ങിയാണ് ഷാമി ആറ് വിക്കറ്റ് വീഴ്ത്തിയത്. ഷാമിയുടെ മികച്ച ടെസ്റ്റ് ബൗളിംഗ് പ്രകടനവുമാണിത്.

Comments (0)
Add Comment