
വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക് കടന്നതിന്റെ ആവേശം കെട്ടടങ്ങും മുന്‍പേ, ഓസ്ട്രേലിയന്‍ മണ്ണില്‍ പുരുഷ ടീം തോല്‍വി ഏറ്റുവാങ്ങി. രണ്ടാം ടി20യില്‍ ഇന്ത്യയെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ പകരംവീട്ടിയത്. ഇന്ത്യന്‍ മണ്ണില്‍ ഓസീസിന് ഏറ്റ തിരിച്ചടിക്ക് അവരുടെ പുരുഷ ടീം സ്വന്തം നാട്ടില്‍ വെച്ച് കണക്ക് തീര്‍ത്തു എന്ന് പറയാം.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 13.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ (37 പന്തില്‍ 68) തകര്‍പ്പന്‍ ഇന്നിംഗ്സാണ് 100 കടത്തിയത്. 33 പന്തില്‍ 35 റണ്‍സെടുത്ത ഹര്‍ഷിത് റാണയാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ഓസ്ട്രേലിയക്ക് വേണ്ടി ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തു. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നല്‍കി.
മറുപടി ബാറ്റിംഗില്‍ ഓസീസിന് വേണ്ടി നായകന്‍ മിച്ചല്‍ മാര്‍ഷ് 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഓപ്പണിങ് വിക്കറ്റില്‍ ട്രാവിസ് ഹെഡും (28) മാര്‍ഷ് സഖ്യവും ചേര്‍ന്ന് 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഓസീസിന് മികച്ച തുടക്കം നല്‍കി. അഞ്ചാം ഓവറില്‍ ഹെഡിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് ജോഷ് ഇംഗ്ലിസിനൊപ്പം (20) 36 റണ്‍സ് കൂട്ടിചേര്‍ത്ത മാര്‍ഷ്, നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയുള്ള വെടിക്കെട്ട് ഇന്നിംഗ്‌സ് കാഴ്ചവെച്ചു.
മാര്‍ഷ് മടങ്ങുമ്പോള്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ 39 റണ്‍സ് മാത്രം മതിയായിരുന്നു. എട്ട് വിക്കറ്റുകള്‍ ബാക്കിയുണ്ടായിരുന്നെങ്കിലും, തുടര്‍ന്ന് വന്ന ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമാക്കയായിരുന്നു. ടിം ഡേവിഡിനെ (1) വരുണ്‍ ചക്രവര്‍ത്തി റിട്ടേണ്‍ ക്യാച്ചില്‍ മടക്കിയപ്പോള്‍, ഇംഗ്ലിസ് കുല്‍ദീപ് യാദവിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആയി പുറത്തായി. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മത്സരം അവസാന നിമിഷം ആവേശത്തിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍, 13.2 ഓവറില്‍ ലക്ഷ്യം മറികടന്ന ഓസ്ട്രേലിയ 5 മത്സരങ്ങളുള്ള പരമ്പരയില്‍ 1-0 ത്തിന് മുന്നിലെത്തി.
അതേസമയം നവി മുംബൈയില്‍ നടന്ന വനിതാ ലോകകപ്പ് സെമിഫൈനലില്‍, 338 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ ചരിത്രം കുറിക്കുകയായിരുന്നു. വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ ചേസായിരുന്നു അത്. അഞ്ചാം നമ്പര്‍ ജേഴ്സിയണിഞ്ഞ് ക്രീസിലെത്തിയ ജെമീമ റോഡ്രിഗസ് 134 പന്തില്‍ 127 റണ്‍സ് നേടി പുറത്താകാതെ നിന്ന്, 2011 ലോകകപ്പില്‍ ഗൗതം ഗംഭീര്‍ കാഴ്ചവെച്ച ഐക്കണിക് ഇന്നിംഗ്സിനെ അനുസ്മരിപ്പിച്ചു. ഇന്ത്യന്‍ മണ്ണില്‍ ഓസ്ട്രേലിയന്‍ ആധിപത്യം തകര്‍ത്തെറിഞ്ഞ ആ വിജയം ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയ ആവേശമാണ് നല്‍കിയത്.