ദുബായ്: ട്വന്‍റി 20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ. ഫൈനലില് ന്യൂസിലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ കുട്ടിക്രിക്കറ്റിലെ രാജാക്കന്മാരായത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ഓസീസ് മറികടന്നു.
മിച്ചല്‍ മാര്‍ഷിന്‍റെയും ഡേവിഡ് വാര്‍ണറുടെയും പ്രകടനമാണ് ഓസീസിന് കന്നി കിരീടത്തിലേക്ക് വഴി തെളിച്ചത്. 50 പന്തില്‍ നിന്ന് 4 സിക്‌സും 6 ഫോറുമടക്കം 77 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. മാര്‍ഷ് തന്നെയാണ് കളിയിലെ താരവും. വാര്‍ണര്‍ 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 53 റണ്‍സെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ് കിവീസിന്‍റെ ടോപ് സ്‌കോറര്‍. 48 പന്തുകള്‍ നേരിട്ട കിവീസ് ക്യാപ്റ്റന്‍ മൂന്ന് സിക്‌സും 10 ഫോറുമടക്കം 85 റണ്‍സെടുത്തു. ട്വന്‍റി 20 ലോകകപ്പ് ഫൈനലില്‍ ഒരു ക്യാപ്റ്റന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
കിവീസ് ബൌളിംഗ് നിരയില്‍ നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ട്രെന്‍റ് ബോൾട്ടിന്‍റെ പ്രകടനം ശ്രദ്ധേയമായി. വിക്കറ്റൊന്നും നേടാനാകാതെ സ്പിന്നർ ഇഷ് സോധി, പേസ് ബോളർ ടിം സൗത്തി തുടങ്ങിയവര്‍ നിരാശപ്പെടുത്തി. സോധി മൂന്ന് ഓവറിൽ 40 റൺസും ടിം സൗത്തി 3.5 ഓവറിൽ 43 റൺസുമാണ് വഴങ്ങിയത്. ഓസീസിനായി ജോഷ് ഹെയ്‌സല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.