ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക്

Thursday, March 14, 2019

ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക്. നിർണായകമായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തിൽ ഇന്ത്യയെ 35 റൺസിന് തോൽപ്പിച്ചാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ആസ്‌ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടി.  ഉസ്മാൻ ഖവജയുടെയും ഹാൻസ്‌കോമ്ബും ചേർന്ന് കങ്കാരുക്കൾക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചു. പരമ്ബരയിലെ രണ്ടാം ഏകദിന സെഞ്ച്വറിയുമായി ഉസ്മാൻ ഖവജയുടെ കളം നിറഞ്ഞപ്പോൾ ഹാൻസ്‌കോമ്ബ് അർദ്ധ സെഞ്ച്വറിയുമായി മികച്ച പിന്തുണ നൽകി.

ഇന്ത്യയ്ക്ക് വേണ്ടി ഭൂവനേശ്വർ കുമാർ മൂന്നും രവീന്ദ്ര ജഡേജ ഷമി എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. അഞ്ചാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നായകൻ വിരാട് കൊഹ്ലി 20 റൺസുമായി കൂടാരം കേറിയത് ഇന്ത്യക്ക് തിരിച്ചടിയായി. രോഹിത് ശർമ 56 റൺസും കേദാർ ജാദവ് 44 റൺസും വാലറ്റക്കാരൻ ഭുവനേശ്വർ കുമാർ 46 റൺസും നേടി പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്താൻ കഴിഞ്ഞില്ല.

മറ്റ് താരങ്ങൾക്കൊന്നും വേണ്ടത്ര റൺസ് കണ്ടെത്താൻ കഴിയാത്തത് ഓസ്ട്രേലിയക്ക് ജയം അനായസമാക്കി. ഓസീസിന് വേണ്ടി ആഡം സാംപ മൂന്നും പാറ്റ് കമ്മിൻസ്, ജേ റിച്ചാർഡ്സൺ എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി. നേരത്തെ ടി20 പരമ്പരയും ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു.