KOLLAM| അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു; സ്ത്രീധനത്തിന്റെ പേരിലും പീഡിപ്പിച്ചുവെന്ന് കുടുംബം

Jaihind News Bureau
Sunday, July 20, 2025

 

ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. കൊല്ലം ചവറ തെക്കുംഭാഗം പൊലീസാണ് കേസെടുത്തു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളുടെ പരാതിക്ക് പിന്നാലെയാണ് ശാസ്താംകോട്ട സ്വദേശിയായ ഭര്‍ത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തത്.അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും സതീഷ് ശങ്കര്‍ മദ്യപിച്ചു എത്തി നിരന്തരമായി അതുല്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

എസ്‌ഐ എന്‍. നിയാസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇന്നലെ അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തി. വെള്ളിയാഴ്ചയാണ് അതുല്യയെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിക്ക് അതുല്യ അയച്ച മര്‍ദനത്തിന്റെ വിഡിയോ പൊലീസിനു കൈമാറി. 43 പവന്‍ സ്വര്‍ണം സ്ത്രീധനം ആയി ലഭിച്ചിരുന്നെന്നും ഇതു കുറഞ്ഞുപോയെന്ന് ആരോപിച്ച് അതുല്യയെ സതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നുമാണ് പരാതി. രണ്ടു ദിവസം മുന്‍പ് സതീഷ് അതുല്യയുടെ തലയില്‍ പ്ലേറ്റ് കൊണ്ട് അടിച്ചുവെന്നും വയറിന് ചവിട്ടി കഴുത്തിന് കുത്തി പിടിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സതീഷിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.