PRIVATE BUS STRIKE| യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് നാളെ മുതല്‍

Jaihind News Bureau
Monday, July 21, 2025

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധനയിലും പെര്‍മിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു. മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. തുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ ബസ് ഉടമകള്‍ തീരുമാനിച്ചത്. എന്നാല്‍ ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു.

ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ഇ ചലാന്‍ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ് കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പികെ പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ അറിയിച്ചു.

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപറേറ്റേഴ്‌സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ എട്ടിന് സ്വകാര്യ ബസുകള്‍ സൂചനാ സമരം നടത്തിയിരുന്നു.