പിണറായി ഭരണത്തില്‍ ജോലി ഇഷ്ടക്കാർക്ക് മാത്രം ; ഉദ്യോഗാർത്ഥികളെ അടിച്ചമർത്താനുള്ള ശ്രമം അംഗീകരിക്കില്ല : ഡോ. ശൂരനാട് രാജശേഖരന്‍

Jaihind News Bureau
Saturday, August 29, 2020

 

വിമർശിച്ചതിന്‍റെ പേരില്‍ ഉദ്യോഗാർത്ഥികളെ ഭീഷണിപ്പെടുത്തുന്ന പി.എസ്.സി നിലപാടിനെതിരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍. പിണറായി ഭരണത്തില്‍ സർക്കാർ ജോലി ഇഷ്ടക്കാർക്ക് മാത്രമായി മാറി. പി.എസ്.സി വഴി നിയമനം നടക്കാത്തപ്പോള്‍ തന്നെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ടൂറിസം വകുപ്പില്‍ 17 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനം ആയിരിക്കുകയാണ്. ആരെയാണ് നിയമിക്കുന്നതെന്നറിയാന്‍ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ലെന്നും ശൂരനാട് രാജശേഖരന്‍ പരിഹസിച്ചു. വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാരെ എങ്ങനെ സർക്കാർ സർവീസില്‍ തിരുകിക്കയറ്റാം എന്ന ഗവേഷണത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എന്നും ശൂരനാട് രാജശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. ശൂരനാട് രാജശേഖരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

പിണറായി ഭരണത്തിൽ സർക്കാർ ജോലി ഇഷ്ടക്കാർക്ക് മാത്രമായി മാറിയിരിക്കുന്നു.
സർക്കാർ സർവീസിലേക്ക് ഏതു വളഞ്ഞ വഴിയിലൂടെയും ഇഷ്ടക്കാർക്ക് എങ്ങനെ ജോലി കൊടുക്കാം എന്ന ഗവേഷണത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും…
സ്വന്തം മകനെ പിൻ വാതിലിലൂടെ ഉയർന്ന തസ്തികയിൽ തിരുകി കയറ്റിയ കേരളത്തിന്‍റെ സഹകരണമേഖലയെ തകർത്ത മന്ത്രി കടകംപള്ളി കരാർ ജോലിയും പിൻവാതിൽ നിയമനങ്ങളും നടത്തുന്നതിൽ ബഹുകേമനായിട്ടാണ് അറിയപ്പെടുന്നത് തന്നെ.
17.8.2020 ലെ കടകംപള്ളിയുടെ ടൂറിസം വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം ടൂറിസം വകുപ്പിൽ പദ്ധതികൾ മോണിറ്റർ ചെയ്യുന്നതിന് വേണ്ടി 16 പ്രോജക്ട് എഞ്ചിനീയേഴ്സിനെയും ഒരു ടെക്നിക്കൽ അസിസ്റ്റൻ്റിനെയും പ്രതിമാസം 35,000 രൂപ ശമ്പളത്തിൽ കരാർ നിയമന വ്യവസ്ഥയിൽ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നു.
വാഹന സൗകര്യം ഉൾപ്പെടെ 1.41 കോടി രൂപയാണ് ഈ ആവശ്യത്തിന് വേണ്ടി വരുന്നത്. ആരെയൊക്കെയാണ് കടകംപള്ളി സുരേന്ദ്രൻ നിയമിക്കുന്നത് എന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ല.
ഇതേ സമയം തന്നെയാണ് PSC യെ വിമർശിച്ചതിന്‍റെയും പ്രതിഷേധിച്ചതിന്‍റെയും പേരിൽ 2 ഉദ്യോഗാർഥികളെ ശിക്ഷിക്കാനുള്ള നിലപാട് പി എസ് സി എടുത്തിരിക്കുന്നത്. ഇത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും, ഫാസിസവുമാണ്. നീതി തേടിയുള്ള ഉദ്യോഗാർത്ഥികളുടെ പോരാട്ടത്തോട് നിഷേധാത്മക നിലപാട് സ്വീകരിക്കുമ്പോൾ തന്നെ ഭീഷണിപ്പെടുത്തി അടിച്ചമർത്താനുള്ള ശ്രമം ഒരു രീതിയിലും അംഗീകരിക്കില്ല.
ഞാൻ അവർക്കൊപ്പം തുടക്കം മുതൽ പിന്തുണ നൽകിയ ആളാണ്.
നീതി തേടിയുള്ള അവരുടെ പോരാട്ടത്തിന് ഐക്യദാർഢ്യം…