ഉപതിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം; തെരഞ്ഞെടുപ്പ് കമ്മീഷന് ടി.എന്‍ പ്രതാപന്റെ പരാതി

Jaihind Webdesk
Tuesday, November 12, 2024

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സി.പി.എമ്മും എല്‍.ഡി.എഫും കള്ളപ്പണം ഒഴുക്കുകയാണെന്ന് കാണിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കഴിഞ്ഞദിവസം ചേലക്കരയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്ത പണം സി.പി.എമ്മിന്റേതാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി തിരഞ്ഞെടുപ്പ് സുതാര്യവും അഴിമതി രഹിതവുമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. നിലവില്‍ സ്‌ക്വാഡുകളുടെ എണ്ണം കുറവാണെന്നും ടി.എന്‍ പ്രതാപന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

പോളിംഗ് തീരും വരെ സ്‌ക്വാഡ് പട്രോളിംഗ് സജീവമാകേണ്ടതുണ്ട്. ചീഫ് ഇലക്ടററല്‍ ഓഫീസര്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവര്‍ക്കും പരാതി നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചടപ്രകാരം പരസ്യപ്രചരണം കഴിഞ്ഞാല്‍ പുറമേ നിന്നുള്ളവര്‍ മണ്ഡലത്തില്‍ പാടില്ലെന്നുള്ള നിയമം ലംഘിച്ച് സി.പി.എമ്മിന്റേയും എല്‍.ഡി.എഫിന്റേയും നേതാക്കള്‍ മണ്ഡലത്തില്‍ തമ്പടിച്ചിട്ടുണ്ട്. ഇവരെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി.