സ്വർണ്ണം കാലിന്‍റെ അടിഭാഗത്ത് കെട്ടിവെച്ച് കടത്താൻ ശ്രമം; കരിപ്പൂരില്‍ രണ്ടുപേർ പിടിയിൽ

Jaihind Webdesk
Saturday, June 1, 2024

 

മലപ്പുറം: കരിപ്പുർ വിമാനത്താവളത്തിൽ 30 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് 442 ഗ്രാം സ്വർണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ താനാളൂർ സ്വദേശി നാസര്‍, സ്വർണ്ണം സ്വീകരിക്കാൻ എത്തിയ കാടാപുഴ സ്വദേശി മുഹമ്മദ് മുസ്തഫ എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.

ശനിയാഴ്ച രാവിലെ 8.30-ന് മസ്‌കറ്റില്‍നിന്നുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് നാസര്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മിശ്രിത രൂപത്തിൽ ആക്കിയ സ്വർണ്ണം രണ്ട് പാക്കറ്റുകളിൽ ആക്കി കാലിന് അടിവശത്ത് കെട്ടിവെച്ചായിരുന്നു കടത്താൻ ശ്രമിച്ചത്.