മുട്ടില്‍ മരം കൊള്ളയില്‍ കുറ്റവാളികളെ സംരക്ഷിക്കാനായി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകൾ ജയ്ഹിന്ദ് ന്യൂസിന്. ഇതു സംബന്ധിച്ച ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അന്വേഷണ റിപ്പോര്‍ട്ട് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. കേസ് അട്ടിമറിക്കാൻ ഒരു സ്വകാര്യ വാർത്താ ചാനലിന്റെ മേഖലാ മേധാവിക്കും മറ്റൊരു വാർത്താ ചാനലിനും പങ്കുള്ളതായി റിപ്പോർട്ടിൽ പരാമർശം.
വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ പട്ടയ ഭൂമിയില്‍ നിന്നും മാംഗോ ഫോണ്‍ കമ്പനി ഉടമ റോജി അഗസ്റ്റ്യന്‍ കോടികളുടെ ഈട്ടി മരം കടത്തിയ കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നടന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുളളത്. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ വിനോദ് കുമാര്‍ വനം വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24ന് റവന്യൂ വകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ ചുവടുപിടിച്ചാണ് സൂര്യ ടിമ്പര്‍ എന്ന കമ്പനിയുടെ മറവിലാണ് മാംഗോ ഫോണ്‍ ഉടമകള്‍ കോടികളുടെ മരം മുറിച്ചത്.
ഫെബ്രുവരി മൂന്നിന് എറണാകുളത്തെ ഒരു തടിമില്ലില്‍ നിന്നും മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ സമീറിന്റെ നേതൃത്വത്തിലുളള ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മര ഉരുപ്പടികള്‍ കണ്ടെടുത്തു. ഇതോടെയാണ് വനംകൊള്ള പുറംലോകമറിയുന്നത്. അന്ന് മുതല്‍തന്നെ വനം കൊള്ള ഒതുക്കി തീർക്കാനായി ഉന്നതതലത്തിൽ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഫെബ്രുവരി 13 ന് ഇന്സ്പെക്ഷന് ആന്‍ഡ് ഇവാല്യുവേഷന് വിംഗിന്റെ ചുമതല കണ്ണൂര്‍ കതിരൂർ സ്വദേശിയായ എന്‍.ടി സാജന് എന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ ഏൽപിച്ചുകൊണ്ടാണ് സർക്കാർ തലത്തിൽ ഇതിനായുള്ള നീക്കം ആരംഭിച്ചത്. വെറും നാല് ദിവസത്തേക്ക് മാത്രമായിരുന്നു ഇയാളെ ഈ പദവിയില്‍ നിയമിച്ചത്. മരംമുറി അന്വേഷിച്ച റേഞ്ച് ഓഫീസര്‍ എം.കെ സമീറിനോട് കേസിന്റെ വകുപ്പുകള്‍ മാറ്റിയെഴുതാന്‍ എൻ.ടി സാജൻ നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലന്ന് റേഞ്ച് ഓഫീസര്‍ നിലപാടെടുത്തു. ഇതോടെ റേഞ്ച് ഓഫീസര്‍ എം.കെ സമീർ എൻ.ടി സാജന്റെ കണ്ണിലെ കരടായി മാറി. സമീറിനെ ഒതുക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. വയനാട്ടിലെ മണിക്കുന്ന് മലയില്‍ നടന്ന മരംമുറി കേസില്‍ റേഞ്ച് ഓഫീസർ എം.കെ സമീറിനെ കുറ്റക്കാരനാക്കി സാജന് റിപ്പോര്‍ട്ട് സമർപ്പിച്ചതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അന്വേഷണ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഇതുകൂടാതെ ഒരു സ്വകാര്യ ചാനലിന്റെ കോഴിക്കോട് മേഖലാ മേധാവി റേഞ്ച് ഓഫീസര്‍ക്കെതിരെ തുടര്‍ച്ചയായി വാര്‍ത്ത നല്‍കിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇന്സ്പെക്ഷന് ആന്‍ഡ് ഇവാല്യുവേഷന് വിംഗിന്റെ ചുമതലയുള്ള കണ്ണൂര്‍ കതിരൂർ സ്വദേശിയായ എന്‍.ടി സാജന് വാർത്താ ചാനൽ മേഖലാ മേധാവിയുടെ അടുത്ത സുഹൃത്താണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തുടര്‍ന്ന് റേഞ്ച് ഓഫീസര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ വിനോദ് നടത്തിയ അന്വേക്ഷണത്തിലാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ ഈ അന്വേഷണ റിപ്പോര്ട്ടിന്മേല് ഒരു തുടര്‍ നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല എന്നുമാത്രമല്ല മരം മുറി കേസിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ട് കേസ് ഒതുക്കി തീർക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ആളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്ന വാർത്താ ചാനൽ മേഖലാ മേധാവി.