മണിപ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് സംഘര്‍ഷം. ചുരാചന്ദ്പൂരിലെ സമാധാന മൈതാനിയില്‍ നടക്കുന്ന പരിപാടികള്‍ക്കായി ഒരുക്കിയ തോരണങ്ങളും അലങ്കാരങ്ങളും ചിലര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു.
മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിനെതിരെ നിരോധിത സംഘടനകളുടെ കൂട്ടായ്മയായ ‘ദ കോര്‍ഡിനേഷന്‍ കമ്മിറ്റി’ (കോര്‍കോം) രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി സംസ്ഥാനം വിടും വരെ പരിപാടികള്‍ ബഹിഷ്കരിക്കാന്‍ ആറ് സംഘടനകള്‍ ആഹ്വാനം ചെയ്തു. അതേസമയം, കുക്കി-സോ വിഭാഗത്തിന്റെ പ്രധാന സംഘടനയായ കുക്കി-സോ കൗണ്‍സില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇംഫാലിലെ കാംഗ്ല കോട്ടയും ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ സേനകളെ വിന്യസിച്ചിട്ടുണ്ട്.
മണിപ്പൂരിലെ ദേശീയപാത ഉപരോധം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ കുക്കി സംഘടനകള്‍ തീരുമാനിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാരും സംഘടനകളും തമ്മില്‍ ധാരണയായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം. 2023 മെയ് മാസത്തില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യത്തെ സന്ദര്‍ശനമാണ് ഇത്.