Jair Bolsonaro| തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം: മുന്‍ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ കുറ്റക്കാരന്‍; 27 വര്‍ഷം തടവ്

Jaihind News Bureau
Friday, September 12, 2025

റിയോ ഡി ജനീറോ: 2022-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോയ്ക്ക് 27 വര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ച് സുപ്രീം കോടതി. ബോള്‍സനാരോ കുറ്റക്കാരനാണെന്ന് കണ്ടെത്തി മണിക്കൂറുകള്‍ക്കകമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ശിക്ഷ പ്രഖ്യാപിച്ചത്. നാല് ജഡ്ജിമാര്‍ ബോള്‍സനാരോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയപ്പോള്‍, ഒരാള്‍ മാത്രമാണ് ഭിന്നവിധി രേഖപ്പെടുത്തിയത്.

ബോള്‍സനാരോ 2033 വരെ അധികാര സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്നും കോടതി വിലക്കിയിട്ടുണ്ട്. 2022-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അധികാരത്തില്‍ തുടരാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഈ നിര്‍ണായക വിധി. നിലവില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ബോള്‍സനാരോ അവസാനവട്ട വിചാരണയില്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

വിധി രാഷ്ട്രീയ പ്രേരിതമാണെന്ന് ബോള്‍സനാരോ പ്രതികരിച്ചു. തന്നെ വേട്ടയാടുകയാണെന്നും, 2026-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുകയാണ് ഈ വിധിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ബോള്‍സനാരോയ്ക്ക് എതിരായ നടപടിയെ ‘ആശ്ചര്യപ്പെടുത്തുന്ന വിധി’ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. യു.എസില്‍ തനിക്കെതിരെ നടന്ന നീക്കത്തിന് സമാനമാണ് ബ്രസീലില്‍ ഉണ്ടായതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.