കേരളത്തിലെ സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റാക്കാന്‍ ശ്രമം; വിമർശിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, August 17, 2022

കൊച്ചി: സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലെ സർവകലാശാല അധ്യാപക നിയമനം സിപിഎം നേതാക്കൾക്ക് മാത്രം സംവരണം ചെയ്തുവെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

കേരളത്തിലെ സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സിപിഎം നേതാക്കള്‍ക്ക് വേണ്ടി മാത്രം നിയമനം നടക്കുന്ന സ്ഥിതിയാണുള്ളത്. കണ്ണൂർ സർവകലാശാല അധ്യാപക നിയമനത്തിന് 25 വര്‍ഷത്തെ അധ്യാപന പരിചയമുള്ള ആളെ രണ്ടാം സ്ഥാനക്കാരന്‍ ആക്കി. സര്‍വകലാശാല നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

അക്കാദമിക രംഗത്ത് ഉന്നത നിലവാരം ഉള്ളവരെ മാറ്റി നിര്‍ത്തി സിപിഎമ്മുകാരെ തിരുകിക്കയറ്റുന്നത് നാണം കെട്ട നടപടിയാണ്. കണ്ണൂര്‍ സര്‍വകലാശാല വിസിയെ ഒരുനിമിഷം പോലും തുടരാന്‍ അനുവദിക്കരുത്. കേരളത്തിന്‍റെ യുവത്വം വിദേശത്തേക്ക് പോകുന്നു. നന്നായി പഠിച്ചവര്‍ക്ക് ജോലിയില്ലെന്നും വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.

ലോകായുക്തയുടെ പല്ലും നഖവും കൊഴിക്കാന്‍ ശ്രമം നടക്കുന്നു. ഓര്‍ഡിനന്‍സ് അതിനുള്ളതാണ്. കേസ് വന്നതോടെ എല്ലാത്തിനെയും ഭയമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മന്ത്രി മുഹമ്മദ് റിയാസിന് ചുറ്റും സ്തുതിപാഠക സംഘം ഉണ്ട്. അദ്ദേഹത്തിന് ചില പ്രിവിലേജ് ഉണ്ട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് റിയാസ് ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.