കണ്ണൂരില്‍ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പതിനഞ്ചുകാരി കുതറി ഓടി രക്ഷപ്പെട്ടു

Jaihind Webdesk
Wednesday, August 2, 2023

കണ്ണൂർ: പട്ടാപ്പകൽ ഭീതി പരത്തി സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ഇന്ന് രാവിലെ 9.10 ഓടെയാണ് സംഭവം. പുഴാതി സോണൽ ഓഫീസിനു അടുത്തായി പഞ്ചായത്ത് പുലിമുക്ക് റോഡിൽ യൂണിറ്റി സെന്‍ററിന് അടുത്തുനിന്നാണ് തട്ടി കൊണ്ടു പോകൽ ശ്രമം ഉണ്ടായത്.

വിദ്യാർത്ഥിനി രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകവേ കണ്ണൂര്‍ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ചാണ് സംഭവം.  കറുത്ത മാരുതി ഒമ്നി വാനിൽ എത്തിയ നാലംഗ മുഖം മൂടി സംഘം കുട്ടിയുടെ കയ്യിൽ പിടിച്ച് വലിച്ച് വാനിൽ കയറ്റാൻ ശ്രമിക്കവേ കുതറി മാറി നിലവിളിച്ച് രക്ഷപ്പെടുകയായിരുന്നു.  സ്‌കൂള്‍ യൂണിഫോമിലായിരുന്നു പെണ്‍കുട്ടി.

വിദ്യാർത്ഥിനി ഓടി രക്ഷപ്പെട്ടതോടെ വാൻ തിരിച്ച് കക്കാട് ഭാഗത്തേക്ക് പോയതായി നാട്ടുകാർ പറഞ്ഞു. രക്ഷപ്പെട്ട വിദ്യാർത്ഥിനി തിരിച്ച് വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. എസ് ഐ സി എച്ച് നസീബിന്‍റെ നേതൃത്വത്തിൽ ടൗൺ പോലീസ് സ്ഥലത്തെത്തി പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. വിദ്യാർത്ഥിനി കക്കാട് പുലിമുക്കിനടുത്ത വീട്ടിൽ നിന്നും നഗരത്തിലെ വിദ്യാലയത്തിലേക്ക് പോവുകയായിരുന്നു. സംഭവമറിഞ്ഞ് നിരവധിയാളുകൾ സ്ഥലത്തെത്തി.