ജാതി പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം; ഡോ. അരുൺകുമാറിനെതിരെ യുജിസി അന്വേഷണം

Jaihind Webdesk
Friday, January 13, 2023

തിരുവനന്തപുരം: ജാതി പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻമാധ്യമപ്രവർത്തകനും കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്‍റ്  പ്രൊഫസറുമായ ഡോ. അരുൺകുമാറിനെതിരെ യുജിസി അന്വേഷണം. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് എഴുതിയെന്ന് കാട്ടിയാണ് യുജിസി ചെയർമാൻ എം ജഗദീഷ് കുമാറിന് കേരളത്തിൽ നിന്നടക്കം പരാതികൾ ലഭിച്ചത്. അരുൺകുമാർ നടത്തിയ പരാമർശങ്ങള്‍ സമൂഹത്തിൽ വലിയ അസ്വാരസ്യമുണ്ടാക്കുകയും ജാതീയവും മതപരവും സാമൂഹികവുമായ ഭിന്നിപ്പിന് കാരണമായെന്നുമാണ് പരാതികൾ ഉയർന്നത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ പാചക ചുമതലയുണ്ടായിരുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിൽ ജാതീയമായി അധിക്ഷേപം നടത്തിയെന്ന് അരുൺകുമാറിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. ഈ കുറിപ്പിന്‍റെ  ചുവടുപിടിച്ച് സമൂഹത്തിൽ ഭിന്നിപ്പിണ്ടാക്കുന്നതരത്തിൽ ചർച്ചകളുണ്ടായിരുന്നു. പരാതിയിലെ പരാമര്‍ശങ്ങള്‍ ജോയിന്‍റ്  സെക്രട്ടറി നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് യുജിസി ചെയര്‍മാൻ നിർദേശം നൽകിയിരിക്കുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.