കൊവിഡിന്‍റെ പേരില്‍ പൂരം മുടക്കാന്‍ ശ്രമം ; എന്തുവന്നാലും പൂരം നടത്തുമെന്ന് ആഘോഷ കമ്മിറ്റി

Jaihind Webdesk
Sunday, April 18, 2021

 

തൃശൂർ : കൊവിഡിന്‍റെ പേരില്‍ പൂരം മുടക്കാന്‍ അനാവശ്യ ഭീതി പരത്തുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ്. ജനങ്ങളെ പേടിപ്പിക്കുന്ന രീതിയില്‍ ഡി.എം.ഒ വീഡിയോ പുറത്തിറക്കിയതില്‍ ദുരൂഹതയുണ്ടെന്നും സെക്രട്ടറി ജി രാജേഷ് പറഞ്ഞു. ആസൂത്രിതമായി പൂരം മുടക്കാനാണ് ശ്രമം. എന്തുവന്നാലും പൂരം നടത്തുമെന്നാണ് ആഘോഷകമ്മിറ്റി തീരുമാനിച്ചിട്ടുളളതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ദേവസ്വങ്ങൾ ഇന്ന് യോഗം ചേരും. പൂരം കാണാൻ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം അനുമതി എന്ന സർക്കാർ ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് യോഗം. ഒറ്റ ഡോസ് മതിയെന്ന നിർദേശം പിൻവലിച്ച് സർക്കാർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പുതിയ ഉത്തരവ് പൂരം നടത്തിപ്പിനെ ബാധിക്കുമെന്നാണ് ദേവസ്വങ്ങളുടെ നിലപാട്.