Embassy Advisory to Indians in Ireland:അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണം; എംബസി അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നല്‍കി

Jaihind News Bureau
Saturday, August 2, 2025

അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ ശാരീരിക ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഡബ്ലിനിലെ ഇന്ത്യന്‍ എംബസി അടിയന്തര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാജ്യത്തെ ഇന്ത്യന്‍ പൗരന്മാര്‍ വിജനമായ സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും എംബസി നിര്‍ദേശിച്ചു. കൗമാരക്കാരായ സംഘങ്ങള്‍ ഇന്ത്യന്‍ വംശജരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

കഴിഞ്ഞ ഞായറാഴ്ച ഡബ്ലിനില്‍ വെച്ച് 32 വയസ്സുള്ള സന്തോഷ് യാദവ് എന്ന ഇന്ത്യന്‍ വംശജനെ ആറ് കൗമാരക്കാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ സന്തോഷിന്റെ കവിളെല്ലിന് പൊട്ടലും മറ്റ് പരിക്കുകളും സംഭവിച്ചു. വെറും മൂന്നാഴ്ച മുമ്പ് അയര്‍ലണ്ടിലെത്തിയ 40 വയസ്സുള്ള ആമസോണ്‍ ജീവനക്കാരനെ ജൂലൈ 19-ന് ഡബ്ലിനിലെ ടാലയില്‍ വെച്ച് കൗമാരക്കാരുടെ ഒരു സംഘം ക്രൂരമായി മര്‍ദിക്കുകയും മുഖത്ത് കുത്തുകയും വസ്ത്രം അഴിച്ചുമാറ്റുകയും ചെയ്തു.

ഈ പ്രദേശത്ത് കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ നാല് ഇന്ത്യന്‍ പുരുഷന്മാരും മറ്റൊരാളും ആക്രമിക്കപ്പെട്ടതായി ടാലയിലെ ആക്രമണത്തിന് ഇരയായ വ്യക്തിയെ സഹായിച്ച ഐറിഷ് വനിതയായ ജെന്നിഫര്‍ മുറെ വെളിപ്പെടുത്തി. ആക്രമണത്തിന് ശേഷം ഇരയായ വ്യക്തിക്ക് ബ്രെയിന്‍ സ്‌കാന്‍ ചെയ്യേണ്ടിവന്നുവെന്നും, ഭയത്തിലാണ് അദ്ദേഹം കഴിഞ്ഞതെന്നും മുറെ പറഞ്ഞു.

ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായി എംബസി സ്ഥിരീകരിക്കുകയും, ഈ വിഷയത്തില്‍ അയര്‍ലന്‍ഡിലെ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാനും വിജനമായ പ്രദേശങ്ങള്‍ ഒഴിവാക്കാനും എംബസി നിര്‍ദേശിച്ചു. സഹായം ആവശ്യമുള്ളവര്‍ക്കായി എംബസി ഒരു അടിയന്തര കോണ്‍ടാക്റ്റ് നമ്പറും (08994 23734) ഇമെയില്‍ വിലാസവും ([email protected]) പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം, കുടിയേറ്റ അഭിഭാഷക ഗ്രൂപ്പുകളും ഈ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലന്‍ഡിന്റെ സിഇഒ തെരേസ ബുസ്‌കോവ്‌സ്‌ക, ഐറിഷ് പോലീസിന് വിദ്വേഷ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. ഇത് ഇരകള്‍ക്ക് പരാതി നല്‍കുന്നത് ബുദ്ധിമുട്ടാക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങള്‍ പ്രധാനമായും ഇന്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ടാണെങ്കിലും മറ്റ് സമൂഹങ്ങളെയും ബാധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.