പിവി അൻവർ എം.എല്‍.എക്കെതിരെ പരാതി നല്‍കി; പരാതിക്കാരിയുടെ കുടുംബ എസ്റ്റേറ്റില്‍ ഗുണ്ടാവിളയാട്ടം; അക്രമം രണ്ടാം തവണയെന്ന് പരാതി

Jaihind News Bureau
Monday, June 15, 2020

പിവി അൻവർ എം.എല്‍.എക്കെതിരായ പരാതിക്കാരിയുടെ കുടുംബത്തിന്‍റെ എസ്റ്റേറ്റില്‍ ഗുണ്ടാവിളയാട്ടം. 716 റബര്‍ തൈകള്‍ നശിപ്പിച്ചു. നേരത്തെയും ഈ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മറ്റൊരു എസ്റ്റേറ്റിലും അതിക്രമം ഉണ്ടായിരുന്നു.

പി വി അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരിയുടെ കുടുംബത്തിന്‍റെ പൂക്കോട്ടുംപാടം കൂറ്റമ്പാറയിലെ ഉഷ എസ്റ്റേറ്റിൽ നട്ട 716റബര്‍ മരങ്ങളാണ് നശിപ്പിച്ചത്. എം.എല്‍.എക്കെതിരായ പരാതിക്കാരി ജയ മുരുഗേഷിന്‍റെ കുടുംബത്തിന്‍റേതാണ് 50 ഏക്കര്‍ ഉഷ എസ്റ്റേറ്റ്. ഇവരുടെ സഹോദരിഭര്‍ത്താവ് സുനില്‍കുമാര്‍ ശിവാനന്ദിന്‍റെ ഉടമസ്ഥതയിലുള്ള 10 ഏക്കറിലാണ് അതിക്രമമുണ്ടായത്.

ലോക്ഡൗണിനിടെ ഏപ്രില്‍ 13ന് ജയമുരുഗേഷിന്‍റെ ഉടമസ്ഥതയിലുള്ള റീഗള്‍ എസ്റ്റേറ്റിലെ 16 ഏക്കര്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കേസിലെ പ്രതികളെ ഇതുവരെയും പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. റീഗല്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്ന ജയ മുരുഗേഷിന്‍റെ പരാതിയില്‍ നേരത്തെ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പോലീസ് കേസെടുത്തിരുന്നു.