SUNNY JOSEPH MLA| യൂത്ത് കോൺഗ്രസ് നേതാവിനെതിരായ മർദ്ദനം: സെപ്തംബര്‍ 10 ന് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് പ്രതിഷേധ ജനകീയ സംഗമം സംഘടിപ്പിക്കുമെന്ന് സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Thursday, September 4, 2025

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ തുടരാന്‍ യോഗ്യരല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 10 ന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റഷനുകള്‍ക്ക് മുന്‍പിലും കോണ്‍ഗ്രസ് പ്രതിഷേധ ജനകീയ സംഗമം സംഘടിപ്പിക്കും. സുജിത്തിന് സംഭവിച്ച മാനസിക ശാരീരിക പ്രയാസങ്ങൾ ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിയമവാഴ്ച ഉറപ്പുവരുത്തേണ്ടവരാണ് പോലീസുകാര്‍. ഇത്ര നീചമായി ഒരു യുവാവിനെ പോലീസ് സ്‌റ്റേഷനില്‍വെച്ച് മര്‍ദ്ദിച്ച് അവശരാക്കിയവരെ വകുപ്പ്തല നടപടി സ്വീകരിച്ച് പുറത്താക്കുകയാണ് വേണ്ടത്. അച്ചടക്കമുള്ള സേനയില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ഹരല്ലെന്ന് അവര്‍ തെളിയിച്ചു. പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍കേസ് ചുമത്താന്‍ തയ്യാറാകണം.ഈ കുറ്റകൃത്യത്തിലെ പ്രതികള്‍ മുഖ്യമന്ത്രിയുടെ സംരക്ഷണത്തിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

2023 നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെയായിരുന്നു പുറത്തുവന്നത്. സ്റ്റേഷനകത്തുവെച്ച് മര്‍ദ്ദനം നടന്നുവെന്ന് ക്രൈം ബ്രാഞ്ചും സ്ഥിരീകരിക്കുന്നുണ്ട്. ശിക്ഷാനടപടി സ്വീകരിച്ചുവെന്നും കേവലം കുറച്ചു പേരുടെ പ്രവൃത്തി കൊണ്ട് 62000 അംഗങ്ങൾ ഉള്ള പോലീസ് സേനയെ മുഴുവൻ കുറ്റക്കാരായി കാണാരുതെന്നാണ് ഡിഐജി പറയുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സണ്ണിജോസഫിന്റെ മറുപടി: ”ഡിഐജിയുടെ നിലവാരത്തിലേക്ക് അദ്ദേഹം ഉയരണം. എന്ത് നടപടി സ്വീകരിച്ചുവെന്ന് ജനങ്ങളോട് വെളിപ്പെടുത്തണം. ജനങ്ങളെ വിഢികളാക്കാനാവില്ല. തെറ്റിന് ആനുപാതികമായാണ് ശിക്ഷ നടപ്പിലാക്കേണ്ടത്.” ക്രൈംബ്രാഞ്ച് എസിപി കോടതി ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരായി തെളിവ് നല്‍കുന്നതിന് ഒരു വര്‍ഷമെടുത്തു. പ്രതികള്‍ക്ക് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളരുടെ രാഷ്ട്രീയ സംരക്ഷണം കിട്ടിയിട്ടുണ്ടെന്ന് വ്യക്തമാണ്. ജില്ലാ പോലീസ് മേധാവി വഴി കോടതി അറസ്റ്റ് വരാന്റ് പുറപ്പെടിവിച്ചതിനെ തുടർന്നാണ് ഒരു വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് എസിപി കോടതിയില്‍ ഹാജരായി സാക്ഷി മൊഴി നൽകിയത് എന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. വി എസ് സുജിത്ത്, ബെന്നി ബെഹനാൻ എം പി, ടി എൻ പ്രതാപൻ, ജോസഫ് ടാജറ്റ് എന്നിവരും പങ്കെടുത്തു.