പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ നടന്ന സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിക്ക് നേരെയാണ് സ്‌ഫോടനമുണ്ടായത്. ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ 18-ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതൊരു ചാവേര്‍ ആക്രമണമാണെന്ന് പോലീസ് സംശയിക്കുന്നു.
പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഒരു സ്റ്റേഡിയത്തിലെ പാര്‍ക്കിങ് സ്ഥലത്താണ് സ്‌ഫോടനം നടന്നത്. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ സര്‍ദാര്‍ അതൗല്ല മെംഗലിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തവര്‍ പിരിഞ്ഞുപോകുമ്പോഴാണ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ മുമ്പും സമാനമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.
ഇതിന് പുറമെ, ചൊവ്വാഴ്ച പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു അര്‍ദ്ധസൈനിക കേന്ദ്രത്തിലും ചാവേര്‍ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥരും ആറ് ഭീകരരും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു.