കന്യാസ്ത്രീകള്‍ക്കു നേരേ ആക്രമണം : കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഉമ്മന്‍ ചാണ്ടി

 

തിരുവനന്തപുരം :  ട്രെയില്‍ യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള 4 കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ വച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ട്രെയിനില്‍ സഹയാത്രികരായ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്കു നേര്‍ക്ക് ആക്രമണം നടത്തിയത്. സന്യാസാര്‍ത്ഥിനിമാരായ രണ്ടു പേരെ മതംമാറ്റാന്‍ കൊണ്ടുപോകുന്നു എന്നായിരുന്നു അവരുടെ ആരോപണം. വിവരമറിഞ്ഞെത്തിയ പോലീസ് കന്യാസ്ത്രീകളെ ട്രെയിനില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്തിറക്കി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. യാത്രമുടങ്ങിയ ഇവരെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. അക്രമികള്‍ക്കെതിരേ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല.

ഇതിനിടെ, യുഎപിഎ പ്രകാരം ജയിലിലടച്ച ജസ്യൂട്ട് വൈദികന്‍ ഫാ സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നിഷേധിച്ചതോടെ അദ്ദേഹത്തിന്റെ ജയില്‍മോചനം നീളുകയാണ്. പാര്‍ക്കിന്‍സന്‍സ് ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളാല്‍ വലയുന്ന 83 വയസുള്ള ഫാ സ്റ്റാന്‍ സ്വാമി 6 മാസമായി ജയിലിലാണ്. ന്യൂനപക്ഷങ്ങള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിക്കുന്നതും ഫാസിസത്തിന് വളമിടുന്നതുമാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Comments (0)
Add Comment