വൈദ്യുതി ബന്ധം നിലച്ചു; പന്തീരങ്കാവ് കെഎസ്ഇബി ഓഫീസിന് നേരെ ആക്രമണം, പരാതി നല്‍കി ജീവനക്കാർ

Saturday, May 4, 2024

കോഴിക്കോട്:  വൈദ്യുതി ബന്ധം നിലച്ചതിനെത്തുടർന്ന് പന്തീരങ്കാവില്‍ നാട്ടുകാർ കെഎസ്ഇബി ഓഫീസിന്‍റെ ബോർഡ് തകർത്ത സംഭവത്തില്‍  അന്വേഷണം ആരംഭിച്ച് പോലീസ്.  കെഎസ്ഇബി ജീവനക്കാർ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പന്തീരങ്കാവിന് സമീപം അത്താണി പ്രദേശത്ത് നിരവധി തവണ വൈദ്യുതി ബന്ധം നിലച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. വൈദ്യുതി നിലച്ചതോടെ കൊടുംചൂടിൽ സഹിക്കെട്ട പ്രദേശവാസികൾ നിരവധി തവണ കെഎസ്ഇബി ഓഫീസിൽ വിളിച്ച് അറിയിച്ചെങ്കിലും ഫോൺ എടുക്കാൻ പോലും തയ്യാറാവാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. കെഎസ്ഇബി ഓഫീസിന്‍റെ പുറത്ത് സ്ഥാപിച്ച ബോർഡാണ്  പ്രദേശവാസികള്‍ കല്ലെറിഞ്ഞ് തകർത്തത്. അതിക്രമിച്ചു കയറിയതിനും നാശനഷ്ടം വരുത്തിയതിലും പ്രതിഷേധിച്ച് ജീവനക്കാർ സംയുക്തമായി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.