ശബരിമല സന്നിധാനത്ത് ദർശനം നടത്താൻ ശ്രമിച്ച രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീടിന് നേരെ ആക്രമണം. സ്ഥലത്ത് ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം നിലനിൽക്കുന്നതിനാൽ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 9 മണിയോടെയാണ് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥയായ ഇവരുടെ കൊച്ചി പനമ്പിള്ളി നഗറിലുള്ള ക്വാർട്ടേഴ്സിന് നേരെ അക്രമമുണ്ടായത്. രാവിലെ എട്ട് മണിയോടെ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേർ ആക്രമണം നടത്തുകയായിരുന്നു. രഹ്ന ഫാത്തിമ ശബരിമലയിലേക്ക് എത്തുന്നുവെന്ന് ഭർത്താവ് മനോജ് ശ്രീധർ ഫേസ് ബുക്കിൽ പോസ്റ്റിട്ടതിന് ശേഷമായിരുന്നു സംഭവം. വീടിന്റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരകളും വ്യായാമ ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. വീട് പൂട്ടിക്കിടന്നതിനാൽ കാര്യമായ നാശ നഷ്ടങ്ങളുണ്ടായില്ല. ബി.ജെ.പി പ്രവർത്തകർ പിന്നീട് രഹ്നയുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
ഇന്ന് രാവിലെയാണ് രഹ്ന ഫാത്തിമ ശബരിമലയിലേക്ക് യാത്ര തുടങ്ങിയത്. കനത്ത പോലീസ് കാവലിലാണ് രഹ്ന പമ്പ കടന്ന് വലിയ നടപ്പന്തല്‍ വരെ എത്തിച്ചേര്‍ന്നത്. ഇരുമുടിക്കെട്ടുമായി യാത്ര നടത്തിയ ഇവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് അക്രമി സംഘം വീട് അടിച്ചു തകര്‍ത്തത്.
നടപ്പന്തലില്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര അവസാനിപ്പിക്കാന്‍ ഐ.ജി ശ്രീജിത്തിന്റെ ഭാഗത്തുനിന്ന് നിര്‍ദേശമുണ്ടായപ്പോഴും പതിനെട്ടാംപടി ചവിട്ടണമെന്നായിരുന്നു രഹ്നാ ഫാത്തിമയുടെ നിലപാട്. പിന്നീട് ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് തിരികെ ഇറക്കിയത്.
വ്രതം ആരംഭിച്ച് ശബരിമലയിലേക്ക് പോകുന്നതായി സൂചിപ്പിക്കുന്ന ചിത്രങ്ങൾ രഹ്ന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ചുംബന സമരത്തിലെ സജീവ പ്രവർത്തകയായ രഹ്ന മോഡലിംഗ് രംഗത്തും സജീവമാണ്. തൃശൂർ പൂരത്തിൽ പെൺപുലികൾ ഇറങ്ങിയപ്പോൾ അക്കൂട്ടത്തിലും ഇവർ ഉണ്ടായിരുന്നു.
https://youtu.be/rnMha7F6_ac