പത്തനംതിട്ടയില്‍ വീടുകയറി മുഖംമൂടി സംഘത്തിന്‍റെ ആക്രമണം; വാഹനങ്ങളും വീടിന്‍റെ ജനാലകളും അടിച്ചുതകർത്തു

Saturday, May 11, 2024

 

പത്തനംതിട്ട: മെഴുവേലിയിൽ മുഖംമൂടി സംഘം വീടുകയറി ആക്രമണം നടത്തി. മെഴുവേലിക്കടുത്ത് ആലക്കോടുള്ള പ്രിൻസിന്‍റെ വീടിനു നേരെയാണ് ആറംഗ സംഘം അർധരാത്രിയിൽ അതിക്രമം നടത്തിയത്. സംഭവത്തിൽ ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുലർച്ചെ രണ്ടരയോടെ ആയിരുന്നു ആറംഗ മുഖംമൂടി സംഘം വീട്ടിലേക്ക് എത്തിയത്. വീടിനുപുറത്ത് ഈ സംഘം അസഭ്യ വാക്കുകളുടെ ബഹളം നടത്തി. തുടർന്ന് ജനാലകൾ അടിച്ചു തകർത്തു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും തല്ലിത്തകർത്തു. കാറിന്‍റെ ചില്ലുകൾ അടിച്ചു തകർത്ത സംഘം സിസി ടിവി ക്യാമറയും നശിപ്പിക്കാൻ ശ്രമിച്ചു.

ബഹളം കേട്ട് പരിഭ്രാന്തരായ വീട്ടുകാർ പുറത്തിറങ്ങാൻ ഭയപ്പെട്ട് വീടിനുള്ളിൽ തന്നെ ഇരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തിയതോടെയാണ് അക്രമികൾ ഓടി രക്ഷപ്പെട്ടത്. അക്രമം നടത്തിയ ആറംഗ സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല. പ്രിൻസ് നൽകിയ പരാതിയിൽ ഇലവുംതിട്ട പോലീസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.