തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ കേസന്വേഷണം പോലീസില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഏജന്‍സിയെ മാറ്റണമെന്നാവശ്യപ്പെട്ട് അജയ് ജുവല്‍ കുര്യാക്കോസും എ.ഡി തോമസുമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കോടതി ഇടപെട്ടിട്ടും കേസെന്വേഷണത്തിൽ പുരോഗതി ഇല്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികളായ ഗൺമാനെയും സുരക്ഷ ഉദ്യോഗസ്ഥനെയും പോലീസ് ഇതുവരെയായും ചോദ്യം ചെയ്തിട്ടില്ല. പ്രതികൾ മുഖ്യമന്ത്രിക്കൊപ്പമുള്ളവരെന്ന പ്രിവിലേജ് ഉപയോഗിക്കുന്നുന്നെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഡിസംബർ 15 നായിരുന്നു സംഭവം. നവകേരള ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ എ സ് യു ജില്ലാ പ്രസിഡൻ്റ് എഡി തോമസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥനും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലുകയായിരുന്നു. ജനറൽ ആശുപത്രി ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. അനിൽകുമാറിനും എസ്.സന്ദീപിനും പുറമെ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരുമാണ് കേസിലെ പ്രതികള്‍.