മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദനം; ആക്രമണം സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍

Jaihind Webdesk
Friday, January 26, 2024

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദനം. കാരപ്പറമ്പില്‍ ഉണ്ണിമുഹമ്മദിനെയും കുടുംബത്തെയുമാണ് ബന്ധു മര്‍ദിച്ചത്.  മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.  കണ്ണില്‍ മുളകുപൊടി വിതറിയായിരുന്നു മര്‍ദനം. അറുപത്തിയഞ്ചുകാരനെയാണ് മക്കളുടെയും രോഗിയായ ഭാര്യയുടെയും മുമ്പിലിട്ട് ബന്ധു തല്ലി ചതച്ചത്. ഓട്ടിസം ബാധിതനായ ഉണ്ണി മുഹമ്മദിന്‍റെ മകനും ഭാര്യയ്ക്കും മര്‍ദനമേറ്റു.

ഉണ്ണി മുഹമ്മദിനെ മഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ബന്ധുവായ യൂസഫും മകനും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. വഴി വെട്ടുന്നതിനായി ജെസിബിയുമായെത്തിയപ്പോള്‍ ഉണ്ണി മുഹമ്മദ് തടഞ്ഞു. ഈ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണം. മരുമകളാണ് മൊബൈലിൽ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.  മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.