നിരന്തരം മർദ്ദനം ; പൊലീസില്‍ പരാതി നൽകിയതില്‍ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

Jaihind Webdesk
Wednesday, June 23, 2021

മലപ്പുറം : മർദ്ദിച്ചെന്ന് പരാതി നൽകി പൊലീസിനെ വിളിച്ചുവരുത്തിയതിൻ്റെ പേരിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ കൈക്കോടാലികൊണ്ട് വെട്ടിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മുഹമ്മദ് സലീം മദ്യപിച്ചത്തി ഭാര്യയെയും മക്കളെയും മർദ്ദിക്കുന്നത് പതിവായിരുന്നു.  ഈ വിവരം പൊലീസിനെ അറിയിച്ചതിനാണ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. സലീം വീട്ടിൽ മദ്യപിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഭാര്യ സീനത്ത് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്  സലീമിനെ തെരഞ്ഞെങ്കിലും കണ്ടെത്താനാകാതെ മടങ്ങി.

പിന്നാലെ സ്ഥലത്ത് എത്തിയ സലീം ഭാര്യയെ കൈ കോടാലി കൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. സീനത്തിനെ ഗുരുതര പരിക്കുകളോടെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.