വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു: സംസ്‌കാരം ഇന്ന് വൈകിട്ട് ദുബായില്‍; അനുശോചിച്ച് സിനിമാ-സംഗീത-വ്യാപാര സമൂഹം

Monday, October 3, 2022

 

ദുബായ് : പ്രവാസി മലയാളിയായ വ്യാപാര പ്രമുഖന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ (80) ദുബായില്‍ അന്തരിച്ചു. ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയോടെ ഹൃദയാഘാതമൂലമാണ് മരണം. അന്ത്യകര്‍മ്മങ്ങള്‍ ഒക്ടോബര്‍ മൂന്നിന് തിങ്കളാഴ്ച, വൈകിട്ട് നാലിന് ദുബായ് ജബല്‍അലിയില്‍ നടക്കും.

‘ജനകോടികളുടെ വിശ്വസ്തസ്ഥാപനം ‘ എന്ന ഒരൊറ്റ പരസ്യ വാചകത്തിലൂടെയാണ് പ്രവാസികളുടെ അറ്റ്‌ലസ് രാമചന്ദ്രന്‍ ശ്രദ്ധേയനായത്. ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദേഹത്തെ ദുബായിലെ സ്വകാര്യ ആശിപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകള്‍ ഡോ. മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ജൂലൈ 31 ന് എണ്‍പത് പിറന്നാള്‍ വീട്ടില്‍ കുടുംബത്തോടും സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുകയും ചെയ്തു.

1942 ജൂലൈ 31 ന് തൃശൂരില്‍ വി കമലാകര മേനോന്‍റെയും എം.എം രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. അറ്റ്‌ലസ് ജ്വല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രന്‍ നിരവധി സിനിമകള്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തു. സംവിധായകന്‍, വിതരണക്കാരന്‍ എന്നീ നിലകളിലും സിനിമാമേഖലയില്‍ സജീവമായിരുന്നു. ഡോ. മഞ്ജു രാമചന്ദ്രന്‍, ശ്രീകാന്ത് എന്നിവർ മക്കളാണ്. വൈശാലി, വാസ്തുഹാര, ധനം, സുകൃതം, തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അറബിക്കഥ, മലബാര്‍ വെഡിംഗ്, ഹരിഹര്‍ നഗര്‍ 2 തുടങ്ങി ഏതാനും സിനിമകളില്‍ അഭിനയിച്ചു. 2015 ല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് ജയിലിലായ അദ്ദേഹം 2018 ലാണ് ജയില്‍ മോചിതനായത്. തുടര്‍ന്ന് കേസ് അവസാനിക്കാത്തതിനാല്‍ യുഎഇ വിട്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് മരണം തേടിയെത്തിയത്.