“ഈ കാലവും കടന്നു പോകും” പ്രതീക്ഷയോടെ സഞ്ചാരികളുടെ വരവും കാത്ത് അതിരപ്പിള്ളി

Jaihind News Bureau
Thursday, August 6, 2020

കാലവർഷം കനത്തതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ ശക്തി വർധിച്ചു. എന്നാൽ ഈ വശ്യ മനോഹര ദൃശ്യം ആസ്വദിക്കാൻ ഇത്തവണ സഞ്ചാരികളില്ല. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

പെരുമഴപ്പെയ്ത്തിൽ അതിരപ്പിള്ളിക്ക് രൗദ്രമായ ഒരു സൗന്ദര്യ ഭാവം കൈവന്നിരിക്കുന്നു. വെൺനുര ചിതറി പാറക്കെട്ടുകളിൽ തല്ലിയലച്ച് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് അതിരപ്പിള്ളി. കാനന സൗന്ദര്യത്തിന്‍റെ പച്ചപ്പ് കൂടി അഴക് ചാർത്തുമ്പോൾ ഏതൊരു സഞ്ചാരിയും മോഹിച്ചു പോകും ഇവിടെ എത്താൻ.

പെരിങ്ങൽക്കുത്ത് ഡാമിന്‍റെ രണ്ട് സ്ലൂയിസ് വാൽവുകൾ തുറന്നതോടെയാണ് നീരൊഴുക്ക് ശക്തമായത്. ചാലക്കുടി പുഴയിലേക്കാണ് ഈ വെള്ളം ഒഴുകിയെത്തുക. കഴിഞ്ഞ കാലങ്ങളിൽ ആയിര കണക്കിന് ആളുകളാണ് അതിരപ്പിള്ളിയിലേക്ക് എത്തിക്കൊണ്ടിരുന്നത്. എന്നാൽ ഈ മഹാമാരി കാലത്തെ വേലിക്കെട്ടുകൾ തീർത്ത അതിരപ്പിള്ളിയുടെ വഴികൾ ഇപ്പോൾ വിജനം. ലോക്ക്ഡൗണോടെ ഷട്ടർ വീണ കടകൾ അടഞ്ഞു തന്നെ കിടക്കുന്നു.

അവധിക്കാലത്തിന് ശേഷമുള്ള മൺസൂൺ സീസണും ഇത്തവണ അതിരപ്പിള്ളിക്ക് നഷ്ടമായി. എന്തായാലും ഈ കാലവും കടന്നു പോകും എന്ന കണക്കുകൂട്ടലിൽ സഞ്ചാരികളുടെ വരവും കാത്തിരിക്കുകയാണ് അതിരപ്പിള്ളി.