അതിരപ്പിള്ളിയിലും സര്‍ക്കാരിനോട് ഇടഞ്ഞ് സിപിഐ; മുന്നണിക്കുള്ളിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്

Jaihind News Bureau
Wednesday, June 10, 2020

 

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി  മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐയും എഐവൈഎഫും. അതിരപ്പിള്ളിയുടെ സമ്പന്നമായ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും തകർക്കുന്ന പദ്ധതിയാണിത്. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എഐവൈഎഫ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.  മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ അതിരപ്പിള്ളിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് സിപിഐ നേതാവ് ബിനോയി വിശ്വവും പറഞ്ഞു.

അതേസമയം വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ രംഗത്തെത്തുന്ന സിപിഐ നിലപാട് ഇടതുമുന്നണിക്കുള്ളിലെ കടുത്ത ഭിന്നത വെളിവാക്കുന്നു. നേരത്ത തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലും സര്‍ക്കാരിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ നിലപാടിനെതിരെ ജില്ലാ കൗണ്‍സില്‍ പ്രമേയവും അവതരിപ്പിച്ചു . ഖനനം വെള്ളപ്പൊക്കത്തിനെതിരെയെന്ന് പറയുമ്പോഴും മണല്‍ നീക്കത്തിന് ഒച്ചിഴയുന്ന വേഗമേയുള്ളുവെന്നും ലക്ഷ്യം വ്യക്തമെന്നും സിപിഐയുടെ വിമര്‍ശനം.

അതിരപ്പിള്ളി പദ്ധതിയില്‍  സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. അതിരപ്പിള്ളിയില്‍ ഡാം നിര്‍മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തെ യുഡിഎഫ് ശക്തമായി നേരിടും. പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ജനവഞ്ചനയാണ്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. ധൃതി പിടിച്ച് എന്തിനാണ് ഈ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശും രംഗത്തെത്തി. പദ്ധതിയിലൂടെ സംസ്ഥാനസര്‍ക്കാര്‍ പ്രകൃതി ദുരന്തം അടിച്ചേല്‍പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 1983 ൽ സൈലന്‍റ് വാലി പദ്ധതി ഉപേക്ഷിച്ച്   പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ഇന്ദിരാ ഗാന്ധി കാണിച്ച  പ്രതിബദ്ധതയും ഉത്കണ്ഠയും ധൈര്യവും ഇന്ന് കാണുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകാൻ കെഎസ്ഇ‌ബിയ്ക്ക് സർക്കാർ അനുമതി നല്‍കി. പരിസ്ഥിതിപ്രവര്‍ത്തകരുടേയും സിപിഐ അടക്കമുള്ള പാര്‍ട്ടികളുടേയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതിയിൽനിന്നും പിൻവാങ്ങുകയാണെന്ന് നേരത്തെ വൈദ്യുത മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക പാരിസ്ഥിതിക അനുമതികൾക്കായി സർക്കാർ എൻഒ‌സി അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.