ഇന്ന് അത്തം… തിരുവോണത്തിലേക്ക് ഇനി പത്ത് നാള്‍

Jaihind Webdesk
Monday, August 29, 2022

ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ അത്തം നാൾ. മലയാളക്കര തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയാണ്. കഴിഞ്ഞ രണ്ടു വർഷവും മഹാമാരിയുടെ മൂടുപടം മറച്ച ആഘോഷ നാളുകൾ തിരികെ വരുന്നതിന്‍റെ ആഹ്ലാദമാണ് നാടെങ്ങും.

ഏറെ പറഞ്ഞിട്ടും കേട്ടിട്ടും മലയാളിക്ക് മതിവരാത്തൊരു കഥയുണ്ടെങ്കിൽ അത് ഓണ നാളുകളെ കുറിച്ചായിരിക്കും. ദാനശീലനായ ഒരു മഹാരാജാവിന്‍റെ പത്തര മാറ്റുള്ള പ്രജാ സ്നേഹത്തിന്‍റെ പാടി പതിഞ്ഞ ശീലുകളുടെ ഐതിഹ്യ പെരുമയാണത് . ഇന്ന് മുതൽ മലയാളക്കരയാകെ
കേട്ടു തുടങ്ങും ആ താളം. നാട്ടുവഴികളും നഗരവീഥികളും അണിഞ്ഞൊരുങ്ങുകയാണ്. വീട്ടുമുറ്റങ്ങൾ പൂക്കളങ്ങളാൽ നിറച്ചാർത്തണിയും. കൊവിഡിന്‍റെ കാലുഷ്യമകന്ന നാളുകളിൽ ഓണ വിപണിയും ഉണരുകയാണ്. വസ്ത്ര-ഗൃഹോപകരണ ശാലകളിൽ തിരക്കേറുന്നു. വഴിയോര കച്ചവടക്കാർക്കും ഇത് പ്രതീക്ഷയുടെ പൂക്കാലം.

ഇനി പത്താം നാൾ തിരുവോണമാണ്. ആ കാത്തിരിപ്പിനും ഒരുക്കത്തിനും അകമ്പടിയായി മാനുഷരെല്ലാം ഒന്നായി നിന്ന കള്ളവും ചതിയുമില്ലാത്ത ഒരു മാവേലി നാടിന്‍റെ തുടിപ്പാട്ടുകളുണ്ട്. പുലരികളിൽ നിറയുന്ന പൂവഴകിന്‍റെ നിറമിഴിച്ചന്തമുണ്ട്. ആഹ്ലാദ പൂത്തിരിയുമായി നല്ലൊരു നാളെയിലേക്ക് കാൽ വെക്കാമെന്ന ആത്മവിശ്വാസത്തിന്‍റെ ആരുറപ്പുണ്ട്. ഏവര്‍ക്കും ടീം ജയ്ഹിന്ദിന്‍റെ അത്തം ആശംസകള്‍…