‘ലോകം ചുറ്റുന്ന ടൂറിസ്റ്റ് പ്രധാനമന്ത്രി; തൊട്ടടുത്തുള്ള കർഷകരെ കാണാന്‍ മനസുണ്ടായില്ല’; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Sunday, December 12, 2021

 

ജയ്പൂര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ലോകം മുഴുവന്‍ ചുറ്റി നടക്കുന്ന പ്രധാനമന്ത്രിക്ക് കേവലം 10 കിലോ മീറ്റർ മാത്രം അകലെ സമരം ചെയ്ത കർഷകരെ കാണാന്‍ മനസുണ്ടായില്ലെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ജയ്പൂരില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

‘ടൂറിസ്റ്റ് പ്രധാനമന്ത്രി’ എന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം. ലോകം മുഴുവന്‍ ചുറ്റുന്ന ടൂറിസ്റ്റ് പ്രധാനമന്ത്രിക്ക് തൊട്ടടുത്തുള്ള കർഷരെ കാണാന്‍ മനസുണ്ടായില്ല. ഇത്തരമൊരു സര്‍ക്കാരാണ് നമുക്കുള്ളത്.  കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിക്കുന്നത്. എന്നാല്‍ കര്‍ഷകരുടെയോ സാധാരണക്കാരുടെയോ ക്ഷേമത്തിനായി ചെലവഴിക്കാന്‍ സർക്കാരിന് പണമില്ല. ജനങ്ങളുടെ ക്ഷേമകാര്യത്തില്‍ കേന്ദ്രത്തിന് യാതൊരു ശ്രദ്ധയുമില്ല. ഏതാനും വ്യവസായികള്‍ക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

കോൺഗ്രസ് കഴിഞ്ഞ 70 വർഷത്തിനിടെ എന്ത് ചെയ്തുവെന്നാണ് ബിജെപി നേതാക്കൾ ചോദിക്കുന്നത്. ഈ ചോദ്യം ഇനിയെങ്കിലും ഒഴിവാക്കണം. 70 വർഷം കൊണ്ട് കോണ്‍ഗ്രസ് ഉണ്ടാക്കിയത് 7 വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാർ ഏതാനും വ്യവസായികള്‍ക്ക് വിറ്റഴിക്കുകയാണ് ചെയ്തത്. വിമാനത്താവളങ്ങളും രാജ്യത്തെ എയിംസും എല്ലാം കോൺഗ്രസ് നിർമിച്ചതാണെന്നും ഇതിന്‍റെ എല്ലാം മേന്മ വിറ്റ് ജീവിക്കുന്നവരാണ് ബിജെപിക്കാരെന്നും പ്രിയങ്ക തുറന്നടിച്ചു. കഴിഞ്ഞ ഏഴ് വർഷമായി രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ ജനങ്ങൾക്കായി എന്താണ് ചെയ്തതെന്ന് സ്വയം ആലോചിക്കണം. കേന്ദ്ര സർക്കാർ ചില ഗോസായികൾക്കായി മാത്രമാണ് നില കൊള്ളുന്നതെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.