സാലറി കട്ടില്‍ ധനമന്ത്രി മുന്നോട്ട് വെച്ച മൂന്ന് ഉപാധികളും തള്ളി പ്രതിപക്ഷ സംഘടനകൾ

സാലറി കട്ടില്‍ ധനമന്ത്രി മുന്നോട്ട് വെച്ച മൂന്ന് ഉപാധികളും തള്ളി പ്രതിപക്ഷ സംഘടനകൾ. നിര്‍ബന്ധിച്ച് ശമ്പളം പിടിച്ചാല്‍ പണിമുടക്കെന്നും എന്‍ജിഒ അസോസിയേഷന്‍ വ്യക്തമാക്കി. അതേ സമയം സർക്കാർ നിലപാടിൽ സിപിഐ അനുകൂല സംഘടന ഉപാധി വെച്ചു.

ശമ്പളം പിടിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണവുമായി ജീവനക്കാരുടെ സംഘടനകൾ രംഗത്ത് വന്നതോടെയാണ് കഴിഞ്ഞ ദിവസം സർക്കാർ വീണ്ടും ചർച്ച നടത്തിയത്. ശമ്പളം മാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ട് മൂന്ന് ഉപാധികളാണ് സർവീസ് സംഘടനകൾക്ക് മുന്നിൽ ധനമന്ത്രി വെച്ചത്.

സമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ കടുത്ത പ്രതിഷേധമുണ്ടെങ്കിലും സാലറികട്ടിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. നിലവിൽ അഞ്ചുമാസം കൊണ്ട് ഒരു മാസത്തെ ശമ്പളം പിടിച്ച് കഴിഞ്ഞു. ഈ ശമ്പളം ധനകാര്യസ്ഥാനപത്തിൽ നിന്ന് വായ്‍പയെടുത്ത് സർക്കാർ ഉടൻ നൽകുമെന്നാണ് ആദ്യനിർദ്ദേശം. പക്ഷെ ഒരു തവണ കൂടി സാലറി കട്ടിന് സഹകരിക്കണം. രണ്ടാമത്തെ നിർദ്ദേശത്തിൽ അടുത്ത മാസം മുതൽ ആറ് ദിവസത്തെ ശമ്പളം പിടിക്കും. ഓണം അഡ്വാന്‍സ് എടുത്തവർക്ക് ഉൾപ്പെടെ സംഘടനകൾ ആവശ്യപ്പെട്ട ഇളവുകൾ നൽകാം. മൂന്ന് എല്ലാ ജീവനക്കാരിൽ നിന്നും മൂന്ന് ദിവസത്തെ ശമ്പളം പത്ത് മാസം പിടിക്കും. ഇങ്ങനെ മൂന്ന് നിർദ്ദേശങ്ങളാണ് ധനമന്ത്രി മുന്നോട്ട് വെച്ചത്.

എന്നാൽ ഈ ഉപാധികൾ പ്രതിപക്ഷ സംഘടനകൾ പൂർണമായും എതിർത്തു. ഇതിന് പുറമെ സിപിഐ അനുകൂല സംഘടനയും ഇക്കാര്യത്തിൽ ഉപാധികൾ വെച്ചു. നേരത്തെ പിടിച്ച ഒരുമാസത്തെ ശമ്പളം ഒക്ടോബറില്‍ തന്നെ നല്‍കണം, പിഎഫ്, വായ്‍പാ തിരിച്ചടവ്, അഡ്വാന്‍സ് എന്നിവ അഞ്ച് മാസത്തേയ്ക്ക് ഒഴിവാക്കണം തുടങ്ങിയ നിബന്ധനകള്‍ പാലിക്കാമെങ്കില്‍ അടുത്ത അഞ്ചുമാസം ശമ്പളം പിടിക്കാമെന്നാണ് അവരുടെ നിലപാട്. എന്നാൽ നിര്‍ബന്ധിച്ച് ശമ്പളം പിടിക്കരുതെന്ന് എന്‍ജിഒ അസോസിയേഷന്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ പ്രതിഷേധവുമായി സംഘടനകൾ നിലനിൽക്കുന്നതിനാൽ സർക്കാർ എങ്ങനെ വിഷയത്തെ പ്രതിരോധിക്കുമെന്ന് കണ്ടറിയണം.

Dr. Thomas Isaac
Comments (0)
Add Comment