ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിന് ഉത്തരവാദിയായ അധ്യാപകനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ നീക്കം ; യുജിസി വിശദീകരണം തേടി

Jaihind Webdesk
Sunday, April 11, 2021

തിരുവനന്തപുരം : ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിന് ഉത്തരവാദിയായ അധ്യാപകന് അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്ക് നിയമനത്തിന് നീക്കം. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിന് ഉത്തരവാദിയെന്ന് കണ്ടെത്തിയ അധ്യാപകന് അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാനുള്ള സര്‍വകലാശാലയുടെ നീക്കത്തില്‍ യു.ജി.സി വിശദീകരണം തേടി. ഉത്തരക്കടലാസ് വിഷയത്തില്‍ കുറ്റാരോപണ വിധേയനായ അധ്യാപകനെ അറബിക്ക് വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനായിരുന്നു നീക്കം. സംഭവം വിവാദമായതോടെ സര്‍വകലാശാല നിയമോപദേശം തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍  യു.ജി.സി ഇടപെട്ടത്.

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. അന്ന് പരീക്ഷാ ചുമതലയിലുണ്ടായിരുന്ന ഇതേ അധ്യാപകനാണ് സംഭവത്തിന് ഉത്തരവാദിയെന്ന് സര്‍വകലാശാല നിയമിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ പരീക്ഷാ ചുമതലകളില്‍ നിന്ന് ഡീബാര്‍ ചെയ്യുകയും കോളേജില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വീണ്ടും ഇതേ അധ്യാപകനെ അറബിക്ക് വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാന്‍ തീരുമാനമെടുത്തത്. നിയമന നീക്കം ചോദ്യം ചെയ്ത് സേവ് എജ്യുക്കേഷന്‍ ഫോറം യു.ജി.സിക്ക് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇടപെടലുണ്ടായിരിക്കുന്നത്.

അധ്യാപകന്‍റെ നിയമന കാര്യത്തില്‍ യു.ജിസി നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്നും ഇളവ് അനുവദിക്കരുതെന്നും കാട്ടി യു.ജി.സി വാഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അറബിക്ക് ഭാഷാ ഗവേഷണത്തിന് രാഷ്ട്രപതിയില്‍ നിന്നും കേന്ദ്രപുരസ്‌കാരം നേടിയ അധ്യാപകരെ ഒഴിവാക്കിയാണ് ഗുരുതര ആരോപണങ്ങള്‍ നിലവിലുള്ള അധ്യാപകനെ നിയമിക്കാന്‍ നീക്കം നടന്നത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള നിയമനത്തിന് പിന്നില്‍ ഇടതുപക്ഷ അധ്യാപകസംഘടനാ നേതാക്കള്‍ക്കും പങ്കുണ്ടെന്ന വാദവും ഉയരുന്നുണ്ട്.