നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം: കൂടുതല്‍ കരുത്തോടെ പ്രതിപക്ഷം; ബാർ കോഴ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയരും

Jaihind Webdesk
Sunday, June 9, 2024

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് നാളെ തുടക്കം. ബജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്തു പാസാക്കുന്നതിനായി 28 ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനമാണ് ഇക്കുറി ചേരുക. ഭരണവിരുദ്ധ വികാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നൽകി എന്ന് സിപിഎമ്മും ഇടതുമുന്നണിയും പ്രതിപക്ഷവും ഒരുപോലെ വിമർശിക്കുമ്പോഴാണ് പിണറായി സർക്കാർ വീണ്ടും സഭയിൽ എത്തുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ വർധിത വീര്യത്തോടെ സഭയിൽ എത്തുന്ന പ്രതിപക്ഷം ബാർ കോഴ ഉൾപ്പെടെയുള്ള വിവാദങ്ങളിൽ സർക്കാരിനെ കുരിശിലേറ്റുന്നതോടെ സഭ ഇക്കുറിയും പ്രക്ഷുബ്ധമാകും.

ജൂലൈ 25 വരെയാണ് സഭ സമ്മേളിക്കുന്നത്.  ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച മന്ത്രി കെ. രാധാകൃഷ്ണനും ഷാഫി പറമ്പിലിനും ജൂൺ 17 വരെ സഭയിൽ തുടരുവാൻ അവകാശമുണ്ടെന്ന് സ്പീക്കർ അറിയിച്ചു. നാളെ സഭ ചേരുമ്പോൾ പാർലമെന്‍ററികാര്യ മന്ത്രിയായി കെ. രാധാകൃഷ്ണൻ സഭയിൽ ഉണ്ടാകുമെന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്. ഗവർണർ നിരാകരിച്ച തദ്ദേശ സ്വയംഭരണ വാർഡ് വിഭജനഓർഡിനൻസിന് പകരമുള്ള ബില്ല് ആദ്യദിനം തന്നെ സഭയിൽ എത്തും. ഭരണവിരുദ്ധ വികാരം ഏല്‍പ്പിച്ച കനത്ത തിരിച്ചടിയുടെ അന്തരീക്ഷത്തിലാണ് സഭാസമ്മേളനം.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്‍റെ തിളക്കത്തോടെ എത്തുന്ന പ്രതിപക്ഷത്തിന് വീര്യമേറും. ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പന്ത്രണ്ടാം തീയതി നിയമസഭയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റിലെ ധനാഭ്യർത്ഥനകളിലുള്ള ചർച്ചയിൽ ഉടനീളം സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാനാടിയായ നടപടികല്‍ക്കെതിരെ ശക്തമായ വിമർശനങ്ങൾ അലയടിക്കും. സർക്കാർ ആശുപത്രികളിലെ തുടർക്കഥയാകുന്ന ചികിത്സാ പിഴവും ആരോഗ്യ മേഖലയിലെ വീഴ്ചകളും ഗുണ്ടാ മാഫിയാ അതിക്രമങ്ങളും ചൂടേറിയ ചർച്ചയ്ക്ക് കളമൊരുക്കും.

പൊള്ളയായ കപട വാദങ്ങൾ നിരത്തി സർക്കാർ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട്ടിനെ തുറന്നുകാട്ടുന്ന വിമർശന ശരങ്ങളും
സഭയിൽ ഉയരും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ വിവാദങ്ങളും മലബാറിലെ പ്ലസ് വൺ പ്രവേശന പ്രതിസന്ധിയും സഭയിൽ അലയടിക്കും. ലോക കേരളസഭയുടെ നാലാം സമ്മേളനം 13 മുതൽ 15 വരെ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടക്കും. യുഡിഎഫ് നേതാക്കൾ ലോകകേരള സഭയിൽ നിന്നും വിട്ടുനിൽക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ ദിവസങ്ങളിൽ സഭ സമ്മേളിക്കില്ല. ലോക കേരളസഭയുമായി ബന്ധപ്പെട്ട വിവാദങ്ങളും സഭാ സമ്മേളനത്തിലുയരുമെന്നുറപ്പാണ്.