എക്സൈസ് വകുപ്പ് ടൂറിസം മന്ത്രിയുടെ കൈയിലോ? മദ്യനയവും ബാര്‍ കോഴയും സഭയിലുയര്‍ത്തി പ്രതിപക്ഷം

Jaihind Webdesk
Monday, June 10, 2024

 

തിരുവനന്തപുരം:  സഭയിൽ മദ്യനയവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ച് പ്രതിപക്ഷം. മദ്യനയവുമായി ബന്ധപ്പെട്ട് റോജി എം. ജോൺ എംഎൽഎ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. മദ്യനയം അട്ടിമറിച്ചിട്ടും അന്വേഷണം നടത്തിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം ടൂറിസം മന്ത്രി എന്തിന് മദ്യനയത്തെക്കുറിച്ച് യോഗം നടത്തുന്നുവെന്നും റോജി എം. ജോൺ ചോദിച്ചു.

മദ്യനയത്തിന് കോഴ നൽകുന്നതിന് വ്യക്തമായ സൂചന നൽകുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ശബ്ദ സന്ദേശത്തിലെ വാചകങ്ങൾ ഉദ്ധരിച്ച് റോജി എം. ജോൺ നിയമസഭയില്‍ ഭരണപക്ഷത്തെ കടന്നാക്രമിച്ചു. ഇതിന്‍റെ പിന്നിലെ കറുത്ത കരങ്ങൾ എന്തെന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങൾക്കുണ്ട്. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. പരാതിയിൽ അന്വേഷിക്കുന്നത് ശബ്ദസന്ദേശം എങ്ങനെ പുറത്തുവന്നു എന്നാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്ര വലിയ ആരോപണം ഉയർന്നിട്ടും അഴിമതി നിരോധന നിയമപ്രകാരം ഒരു എഫ്ഐആർ ഇട്ട് കേസെടുക്കുവാൻ സർക്കാർ തയാറായിട്ടില്ല. ടൂറിസം വകുപ്പ് എന്തിനാണ് എക്സൈസ് ഓഫീസിന്‍റെ കാര്യത്തിൽ ഇടപെടുന്നതെന്നും എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഹമ്മദ് റിയാസ് ആണോയെന്നും അദ്ദേഹം ചോദിച്ചു.

തീർത്തും അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് എം.ബി. രാജേഷ് പറഞ്ഞു. ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകമാണ് തിരയുന്നതെന്ന എം.ബി. രാജേഷിന്‍റെ പ്രസ്താവനയെ റോജി എം. ജോണ്‍ പരിഹസിച്ചു. മദ്യനയം എന്ന കുഞ്ഞിന്‍റെ അച്ഛൻ ആരാണ് എന്ന് എക്സൈസ് മന്ത്രി അന്വേഷിക്കണമെന്നും റോജി എം. ജോണ്‍ ആവശ്യപ്പെട്ടു.