നിയമസഭാ സമ്മേളനം ജനുവരി 25 മുതല്‍; സംസ്ഥാന ബജറ്റ് ഫെബ്രുവരി 2 ന്

 

തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ഈ മാസം 25-ന് ആരംഭിക്കുവാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർക്കാർ-ഗവർണർ പോര് തെരുവിലേക്ക് നീങ്ങിയിരിക്കുന്ന സാഹചര്യത്തിൽ നയപ്രഖ്യാപന പ്രസംഗം ഉൾപ്പെടെയുള്ള കാര്യത്തിൽ വിവാദങ്ങൾ അലയടിക്കുമെന്ന് ഉറപ്പാണ്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിവാദ വിഷയങ്ങളുമായി പ്രതിപക്ഷവും നിയമസഭയിൽ ആഞ്ഞടിക്കും.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പുതുവർഷത്തിലെനിയമസഭാ സമ്മേളനം ആരംഭിക്കേണ്ടത്. സർക്കാരും ഗവർണറും തെരുവിൽ ഏറ്റുമുട്ടുമ്പോൾ ഈ സർക്കാരിന്‍റെ നയപ്രഖ്യാപനം എങ്ങനെ ഗവർണർ നടത്തും എന്ന വലിയ ചോദ്യം അവശേഷിക്കുകയാണ്. സഭ ചേരേണ്ട സാഹചര്യത്തിൽ ഗവർണറുമായുള്ള ഒത്തുതീർപ്പ് നീക്കങ്ങൾ വരും ദിവസങ്ങളിൽ സർക്കാർ ആരംഭിക്കും. ഏതായാലും വിവാദങ്ങൾക്ക് നടുവിൽ നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25ന് വിളിച്ചുചേർക്കുവാൻ ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഫെബ്രുവരി രണ്ടിന് ബഡ്ജറ്റ് അവതരിപ്പിക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പുകുത്തി നിൽക്കുന്ന സർക്കാർ കനത്ത നികുതി നിർദേശങ്ങൾ ഇക്കുറിയും അടിച്ചേൽപ്പിക്കാൻ സാധ്യത ഏറെയാണ്.

ജനങ്ങൾക്ക് മേൽ അധിക നികുതി ഭാരം ചുമത്തിയതോടെ കഴിഞ്ഞ ബജറ്റ് സമ്മേളനം പ്രതിപക്ഷ പ്രതിഷേധങ്ങളിൽ കലാപ കലുഷിതമായിരുന്നു. തുടർന്നിങ്ങോട്ട് നടന്ന നിയമസഭാ സമ്മേളനങ്ങൾ ഒക്കെ തന്നെ ഏറെ വിവാദമുയർത്തിയാണ് സമാപിച്ചത്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിവാദ വിഷയങ്ങളുമായി പ്രതിപക്ഷം ഇക്കുറിയും നിയമസഭയിൽ ആഞ്ഞടിക്കുമെന്നുറപ്പാണ്. രാഷ്ട്രീയ വിവാദങ്ങൾ ആളിക്കത്തുന്നതിനിടയിൽ നിയമസഭാ സമ്മേളനം കൂടി ആരംഭിക്കുന്നതോടെ കേരള രാഷ്ട്രീയം കൂടുതൽ കലാപകലുഷിതമാകുമെന്ന് ഉറപ്പാണ്.

Comments (0)
Add Comment