നിയമസഭാ കയ്യാങ്കളി കേസ് : സ്‌പെഷ്യൽ പ്രോസിക്യൂഷന്‍ വേണമെന്ന് രമേശ് ചെന്നിത്തല, ഹർജി നല്‍കി

Jaihind Webdesk
Tuesday, August 31, 2021

 

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ സ്‌പെഷ്യൽ പ്രോസിക്യൂഷൻ വേണമെന്ന്  രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കോടതിയില്‍ ഹർജി നല്‍കി. കേസ് നീതിപൂർണമായി നടക്കണമെങ്കിൽ സ്‌പെഷ്യൽ പ്രോസിക്യൂഷനെ നിയമിക്കണമെന്ന് രമേശ് ചെന്നിത്തല ഹർജിയില്‍ ആവശ്യപ്പെട്ടു.

അതേസമയം  നിയമസഭാ കയ്യാങ്കളി കേസിൽ കക്ഷി ചേർക്കണം എന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയും ബിജെപി അനുകൂല അഭിഭാഷക സംഘടനയും നൽകിയ ഹർജികളില്‍ ഓഗസ്റ്റ് ആറിന് കോടതി വിധി പറയുംയ  തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്. മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി വി. ശിവൻകുട്ടി, കെ.ടി ജലീൽ എംഎൽഎ, മുൻ എംഎൽഎമാരായ ഇ.പി ജയരാജൻ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് പ്രതികൾ. കേസിൽനിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും വിചാരണ നേരിടും.