നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍: ജയരാജന്‍ ഒഴികെയുള്ളവർ ഹാജരായി; കേസ് 26 ലേക്ക് മാറ്റി

Jaihind Webdesk
Wednesday, September 14, 2022

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍. എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ കോടതിയിൽ ഹാജരായില്ല. മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള മറ്റ് 5 പ്രതികള്‍ കോടതിയിൽ ഹാജരായി. പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

ഇന്ന് ഹാജരാകാനാവില്ലെന്ന് ഇ.പി ജയരാജന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അടുത്ത തവണ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. കേസ് സെപ്റ്റംബർ 26ന് വീണ്ടും പരിഗണിക്കും. വിചാരണ തീയതി അന്ന് തീരുമാനിക്കും. നിയമസഭ കയ്യാങ്കളി കേസിൽ നേരത്തെ വിചാരണ നടപടിക്ക് പ്രതികള്‍ നേരത്തെ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി അന്ത്യശാസനം നല്‍കിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ രേഖയാണ് കേസ് പരിഗണിക്കുന്നത്. കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയും പ്രതികളുടെ വിടുതല്‍ ഹര്‍ജിയും മേല്‍ക്കോടതികള്‍ തള്ളിയതോടെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.

2015 മാര്‍ച്ച് 13നാണ് ഇടതുപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം സഭയിലെ കയ്യാങ്കളിയിലും അക്രമത്തിലും കലാശിച്ചത്. അന്നത്തെ ധനകാര്യ മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായിരുന്നു പ്രതിഷേധം. അക്രമത്തിലൂടെ രണ്ട് ലക്ഷത്തി പതിനാലായിരം രൂപയുടെ നാശനഷ്ടം നിയമസഭയ്ക്കുണ്ടാക്കി എന്നാണ് പോലീസ് കേസ്. വി ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, മുന്‍ എംഎല്‍എമാരായ സി.കെ സദാശിവന്‍, കെ അജിത്കുമാര്‍, കുഞ്ഞഹമ്മദ് എന്നിവരാണ് മറ്റ് പ്രതികള്‍.