നിയമസഭാ തെരഞ്ഞെടുപ്പ്; ഗുജറാത്തിലേക്ക് ഹവാല പണമൊഴുക്കി എഎപി

 

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലേക്ക് പണമൊഴുക്കി ആം ആദ്മി പാർട്ടി. കഴിഞ്ഞ ഒരു മാസത്തിനിടെ  മാത്രം 20 കോടി രൂപ ഹവാലപ്പണം എത്തിച്ചേർന്നതായാണ് ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തല്‍. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് ദിനംതോറും 50 ലക്ഷം രൂപയെങ്കിലും ഹവാല ഇടപാടിലൂടെ കൈമാറ്റം നടത്തപ്പെടുന്നതായാണ്  റിപ്പോര്‍ട്ടുകള്‍.

ഗുജറാത്തിലെ ബര്‍ദോളി നിയമസഭാ മണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജേന്ദ്ര സോളങ്കിയുടെ പക്കല്‍ നിന്ന് 20 ലക്ഷം രൂപ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണക്കില്‍പ്പെടാത്ത പണമൊഴുക്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. തനിക്ക് 20 ലക്ഷം രൂപ ഹവാല ഇടപാടിലൂടെ ലഭിച്ചതായി അന്വേഷണസംഘത്തോട് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടരന്വേഷണത്തില്‍ പഞ്ചാബില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ള പണം ഹവാല ഇടപാടിലൂടെ ഗുജറാത്തിലേക്ക് എത്തിയെന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം സംസ്ഥാനത്ത് ഒറ്റമാസത്തിനിടെ 20 കോടി രൂപ എത്തിച്ചേർന്നതായാണ് റിപ്പോർട്ടുകള്‍. ഹവാല പണമിടപാടുകള്‍ നടത്തുന്നതായി സംശയമുള്ള കൂടുതല്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ഇനിയും പരിശോധിക്കാനുണ്ട്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി വന്‍ തുക ഇത്തരത്തില്‍ സംസ്ഥാനത്ത് എത്തിച്ചേർന്നിട്ടുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

എഎപി സ്ഥാനാര്‍ത്ഥി രാജേന്ദ്ര സോളങ്കി ഉള്‍പ്പെട്ട 20 ലക്ഷം രൂപയുടെ കേസ് അന്വേഷിച്ചപ്പോള്‍ ഇതിന് പിന്നില്‍ വലിയൊരു പണമിടപാട് സംഘം ഉണ്ടെന്ന് കണ്ടെത്തുകയും ഡല്‍ഹിയില്‍ നിന്ന് വിവിധ സമയങ്ങളിലായി 8 കോടി രൂപ ഗുജറാത്തില്‍ എത്തിയതായും കണ്ടെത്തി. ഡല്‍ഹിയില്‍ നിന്ന് ഗുജറാത്തിലേക്ക് പണം എത്തിക്കുന്നതിന് പിന്നില്‍ എഎപിയുടെ ആദിത്യ ജെയ്നും സുധീര്‍ താക്കൂറുമാണെന്ന ആരോപണം ശക്തമാണ്. ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുള്ള അശോക് ഗാര്‍ഗ് ഡല്‍ഹിയില്‍ നിന്ന് ഹവാല ഇടപാടിലൂടെ പ്രതിദിനം 50 ലക്ഷം രൂപ വരെ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. കണക്കില്‍പ്പെടാത്ത തുക ഹിമ്മത്നഗര്‍, ഗാന്ധിധാം, ദാഹോദ്, വഡോദര, വല്‍സാദ്, ഗാന്ധിനഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് അയച്ചെതെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംസ്ഥാനത്തേക്കുള്ള പണമൊഴുക്ക് കണ്ടെത്താന്‍ അന്വേഷണം കൂടുതല്‍ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Comments (0)
Add Comment