തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആകെ 2.67 കോടി വോട്ടർമാരാണുള്ളത്. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഇനിയും അവസരം ഉണ്ടായിരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ പറഞ്ഞു.
സ്ത്രീവോട്ടർമാർ 1,37,79,263, പുരുഷ വോട്ടർമാർ 1,02,95,202. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ് 32,14943 പേർ. ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ളതും മലപ്പുറത്താണ്. 90,709 പ്രവാസി വോട്ടർമാരുണ്ട്. ഇതിൽ കൂടുതൽ വോട്ടർമാർ കോഴിക്കോടാണ്. ഇത്തവണ പുതുതായി വോട്ടുചെയ്യുന്നവര്‍ 2.99 ലക്ഷം പേരുണ്ട്. 1.56 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതായും ടീക്കാ റാം മീണ പറഞ്ഞു.
പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂടും. 1000 വോട്ടർമാരെ മാത്രമേ ഒരു പോളിംഗ് സ്റ്റേഷനിൽ അനുവദിക്കൂ എന്ന നിബന്ധന വന്നതോടെയാണിത്. പുതുതായി 15,730 പോളിംഗ് സ്‌റ്റേഷനുകള്‍ കൂടി വരും. ഇതോടെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 40, 771 ആകും. വോട്ടർ പട്ടികയില്‍ ഉള്‍പ്പെടാത്തവർക്ക് ഇനിയും അവസരം ഉണ്ടെന്ന് ടീക്കാ റാം മീണ അറിയിച്ചു. നാമനിര്‍ദേശ പത്രിക പിൻവലിക്കുന്നതിനു 10 ദിവസം മുമ്പ് വരെ അപേക്ഷിക്കാം.