അങ്കത്തട്ടൊരുങ്ങി, കച്ച മുറുക്കി മുന്നണികള്‍ ; ആത്മവിശ്വാസത്തോടെ യുഡിഎഫ് ; അഴിമതി ആരോപണങ്ങളില്‍ അടിപതറി എല്‍ഡിഎഫ് ; പടലപിണക്കങ്ങളില്‍ ഉലഞ്ഞ് ബിജെപി

Jaihind News Bureau
Friday, February 26, 2021

 

തിരുവനന്തപുരം : കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫ് സജ്ജം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുടെ പ്രസ്താവനകള്‍ ഇത് വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു മുന്‍പ് തന്നെ യുഡിഎഫ് എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയ്ക്ക് ലഭിച്ച അഭൂതപൂർവ്വമായ ജനപിന്തുണയും യാത്രയുടെ സമാപനസമ്മേളനത്തില്‍ ശംഖുമുഖത്ത് തടിച്ചുകൂടിയ ജനലക്ഷങ്ങളും കേരളത്തിന്‍റെ ചായ്വ് യുഡിഎഫിലേക്കാണെന്നാണ് സൂചന. രാഹുല്‍ ഗാന്ധി കളം പിടിച്ചതോടെ അദ്ദേഹത്തിനെതിരെ ഒരേ സ്വരത്തിലാണ് സിപിഎമ്മും ബിജെപിയും പ്രതികരിച്ചത്.  രാഹുലിന്‍റെ കടന്നുവരവ് എല്‍ഡിഎഫും എന്‍ഡിഎയും ഒരുപോലെ ഭയക്കുന്നു. സിപിഎം-ബിജെപി അന്തർധാര സജീവമാണെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം ശരിവയ്ക്കുന്നതാണ്.

രാഹുലിനെ കടന്നാക്രമിക്കുന്നതില്‍ പിണറായി വിജയനും കെ.സുരേന്ദ്രനും ഒരേ സ്വരമായി മാറി. മറുഭാഗത്ത് സർക്കാരിനെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടതുമുന്നണി. സ്വർണ്ണക്കള്ളക്കടത്ത്, സ്പ്രിങ്ക്ളർ ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ട സർക്കാരിന് കേരളത്തിലെ ആഴക്കടല്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് വിറ്റ പിണറായി സർക്കാരിന്‍റെ നടപടി പ്രതിപക്ഷ നേതാവ് തുറന്നു കാട്ടിയതോടെ മറുപടി നല്‍കാന്‍ സർക്കാരിനായില്ല. മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും ഇ.പി ജയരാജനും പ്രതിക്കൂട്ടിലായി.

കരാർ റദ്ദാക്കിയെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും തീരദേശത്ത് കരാറിനെതിരായ അലയൊലികള്‍ അടങ്ങിയിട്ടില്ല. തീരദേശത്തിന്‍റെ രോഷം ഇടതുമുന്നണിയെ വെട്ടിലാക്കി. പി.എസ്.സി ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് പാർട്ടി ബന്ധുക്കളേയും സിപിഎം നേതാക്കളേയും പിന്‍വാതിലിലൂടെ തിരുകിക്കയറ്റിയ നടപടിയില്‍ യുവജനത പിണറായി സർക്കാരിനെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്.  വിവിധ വിഷയങ്ങളില്‍ ജനങ്ങള്‍ക്കു മുന്നില്‍ മറുപടി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് പിണറായി സർക്കാരിന്‍റെ അവസാന നാളുകള്‍ കടന്നുപോകുന്നത്.