ക്യാപ്റ്റനല്ല പാർട്ടി ; കേരളത്തിലെ വിജയം പിണറായിയുടെ നേട്ടമല്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം

Jaihind Webdesk
Friday, May 7, 2021

ന്യൂഡല്‍ഹി : കേരളത്തിലെ ഇടതുമുന്നണിയുടെ ജയം പിണറായിയുടെ മാത്രം വിജയമാക്കി മാറ്റാന്‍ ശ്രമമെന്ന് സിപിഎം കേന്ദ്രനേതൃത്വത്തിന്‍റെ വിമര്‍ശനം. പിണറായിയുടെ വ്യക്തിപ്രഭാവമാണ് വിജയത്തിന് കാരണമെന്നും പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായിയുടെ ആധിപത്യമാണെന്ന് വരുത്താനാണ് ശ്രമമെന്നും പാർട്ടി കുറ്റപ്പെടുത്തുന്നു. ഒരു വ്യക്തിയിലേക്ക് പാർട്ടി  ചുരുങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും സിപിഎം മുഖപത്രം പീപ്പിള്‍സ് ഡെമോക്രസിയില്‍ പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

തെരഞ്ഞടുപ്പ് വിജയം പരമാധികാരിയായ കരുത്തനായ നേതാവിൻ്റെ ഉദയമായി മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നു. തുടർ ഭരണം വ്യക്തിപരമായും കൂട്ടായും നടത്തിയ പരിശ്രമത്തിൻ്റെ ഫലമാണന്നും ലേഖനം ചുണ്ടിക്കാട്ടുന്നു. കേരളത്തിലെ വിജയം പിണറായി വിജയൻ്റെ മാത്രം നേട്ടമായി ചിത്രീകരിക്കുന്നതിന് എതിരെ സി.പി.എം കേന്ദ്ര നേത്യത്വത്തിൻ്റെ നിലപാടായാണ് മുഖപ്രസംഗം വിലയിരുത്തപ്പെടുന്നത്.

തെരഞ്ഞെടുപ്പ് വിജയം ഒറ്റ വ്യക്തിയിലേക്ക് ചുരുക്കേണ്ടെന്ന വ്യക്തമായ സന്ദേശമാണ് മുഖപ്രസംഗത്തിലൂടെ സി.പി.എം കേന്ദ്രനേത്യത്വം നൽകുന്നത്. വരാൻ പോകുന്ന സർക്കാരിൽ പിണറായി വിജയൻ്റെ വൺ മാൻ ഷോ ആകുമെന്ന ആശങ്കയ്ക്ക് അടിവരയിടുന്നതാണ് മുഖപ്രസംഗം. ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ച് പിണറായിയെ ഉയർത്തിക്കാട്ടിയതിനെതിരെ പാർട്ടിക്കുള്ളില്‍ നേരത്തെയും വിമർശനങ്ങള്‍ ഉയർന്നിരുന്നു.