പൊന്നാനി സിപിഎമ്മില്‍ പൊട്ടിത്തെറി ; പരസ്യപ്രതിഷേധവുമായി പ്രവർത്തകർ തെരുവില്‍

 

മലപ്പുറം : സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി പൊന്നാനി സിപിഎമ്മില്‍ പൊട്ടിത്തെറി. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പി.നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയതിനെതിരെയാണ്  പ്രതിഷേധം. പൊന്നാനി സ്വദേശി കൂടിയായ ടി.എം. സിദ്ദിഖിനെ സ്ഥാനാർഥി ആക്കണം എന്നാണ് ആവശ്യം. ‘നേതാക്കളെ പാർട്ടി തിരുത്തും പാർട്ടിയെ ജനം തിരുത്തും’ എന്ന ഫ്ലക്സ് ഉയർത്തിയാണ് പ്രതിഷേധം. നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

പാലോളി മുഹമ്മദ് കുട്ടി മാറുമ്പോൾ അന്ന് പരിഗണനയിൽ ഉണ്ടായിരുന്ന പേരായിരുന്നു ടി.എം സിദ്ദീഖിന്‍റേത്. എന്നാൽ 2011ലും പതിനാറിലും പി ശ്രീരാമകൃഷ്ണനാണ് പാർട്ടി അവസരം നൽകിയത്. ഇത്തവണയും ശ്രീരാമകൃഷ്ണൻ തന്നെ മത്സരിക്കണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ പേരും ശ്രീരാമകൃഷ്ണന്റേതായിരിന്നു. എന്നാൽ സംസ്ഥാന നേതൃത്വം ശ്രീരാമകൃഷ്ണനെ വെട്ടുകയായിരുന്നു. ഈ സാഹചര്യത്തിൽ ജില്ലാ കമ്മിറ്റി അംഗം , ടി.എം. സിദ്ദീഖിനെ പരിഗണിക്കണമെന്നാണ് അണികളുടെ ആവശ്യം.

ടി.എം സിദീഖിനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ടു ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇമ്പിച്ചി ബാവയ്ക്ക് ശേഷം, മണ്ഡലത്തിൽ തദ്ദേശീയനായ ഒരാളും പരിഗണിക്കപ്പെട്ടില്ല എന്നതും ആവശ്യത്തിന് ശക്തി പകരുന്നു. ടിഎം സിദ്ധിഖ് അനുഭാവികളായ 50ഓളം പേർ ഇതേ ആവശ്യം ഉന്നയിച്ചു ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടെങ്കിലും ഇവരെ നിർബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു.നിലവിൽ സംസ്ഥാന സമിതി പരിഗണിക്കുന്ന നന്ദകുമാറിനെ വേണ്ടെന്നാണ് മണ്ഡലത്തിലെ വലിയൊരു വിഭാഗം പ്രവർത്തകരുടെ നിലപാട്. ടിഎം സിദ്ദീഖിനായി സമൂഹമാധ്യമങ്ങളിലും ക്യാമ്പയിൻ സജീവമാണ്.

Comments (0)
Add Comment